| Sunday, 11th September 2022, 8:40 pm

ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നു; വീട്ടില്‍ വന്നാല്‍ ഒരു സിനിമ കാണാന്‍ പോലും പറ്റില്ല: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിനയന്‍ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവായാണ് ചിത്രം അടയാളപ്പെടുത്തപ്പെടുന്നത്.

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കഥാപാത്രത്തിന് വേണ്ടി എടുത്ത ശാരീരിക അധ്വാനത്തെയും ട്രെയിനിങ്ങിനെയും കുറിച്ച് സംസാരിക്കുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു വില്‍സണ്‍. ആറ് മാസത്തോളം കുതിരയോട്ടവും കളരിപ്പയറ്റും ജിമ്മില്‍ വെയിറ്റ് ട്രെയിനിങ്ങും നടത്തിയതിനെ കുറിച്ചും ആ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകളുമാണ് താരം പങ്കുവെച്ചത്.

”കുതിരയോട്ടം, കളരി പയറ്റ്, വെയ്റ്റ് ട്രയിനിങ് എല്ലാം പഠിച്ചു. വെയിറ്റ് ട്രെയിനിങ് പണ്ട് ജിമ്മില്‍ പോയി കുറച്ച് കസര്‍ത്തൊക്കെ കാണിച്ചിരുന്നു. ഇന്ന് കുറച്ചുകൂടി പ്രൊഫഷണലായി വൃത്തിയായി അത് ചെയ്‌തെടുത്തു.

ആറ് മാസം ഇത് തന്നെയായിരുന്നു പരിപാടി, വേറെ ഒന്നുമില്ലായിരുന്നു. രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ കളരി. രാവിലെ വമ്പന്‍ ബില്‍ഡപ്പോടെ എണീക്കാനൊന്നും പറ്റില്ല.

കട്ടിലിന്റെ സൈഡില്‍ ഒടിഞ്ഞുതൂങ്ങി എണീറ്റിരുന്ന്, ഇന്ന് പോണമല്ലോ, എന്ന് വിചാരിച്ചാണ് എണീക്കുന്നത്. എണീച്ചിരിക്കുമ്പോള്‍ തന്നെ നമ്മള്‍ ജീവിതത്തില്‍ ഇതുവരെ അറിയാത്ത കുറേ മസിലുകള്‍ ഇങ്ങനെ കുത്തി ഇക്കിളിയാക്കും, അയ്യോ.

നല്ല ബോഡി പെയിന്‍ ആയിരുന്നു. കാരണം രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ മൂന്ന് മണിക്കൂര്‍ കളരി പ്രാക്ടീസ് ചെയ്ത്, പത്ത് മണിയാകുമ്പോള്‍ ജിമ്മില്‍ പോയി ഒരു മണി വരെ വെയിറ്റ് ട്രെയിന്‍ ചെയ്ത്, അത് കഴിഞ്ഞ് വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്, എണ്ണയും കുഴമ്പുമൊക്കെ തേച്ച് കുളിച്ച്, കുറച്ചുനേരം കിടന്നുറങ്ങി, എണീച്ച് ഒരു നാല് മണിയാകുമ്പോള്‍ ഹോഴ്‌സ് റൈഡിങ്ങിന് പോയി, ഏഴ് മണിയാകുമ്പോള്‍ വീട്ടില്‍ വരുന്നു.

പിന്നെ ഒന്നും ചെയ്യാനുള്ള എനര്‍ജിയൊന്നും ഉണ്ടാകില്ല. ചിലപ്പൊ ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. ഒരു സിനിമ പോലും കാണാന്‍ പറ്റില്ല. ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നു, ഇത് തന്നെയായിരുന്നു പരിപാടി.

സിജു വില്‍സണ് പുറമെ ചെമ്പന്‍ വിനോദ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, ടിനി ടോം, പൂനം ബജ്‌വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Actor Siju Wilson about the physical hard work he did for the movie Pathonpatham Noottandu

We use cookies to give you the best possible experience. Learn more