കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വാസന്തിയിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സിജു വില്‍സണ്‍. ചിത്രത്തിലെ കഥാപാത്രമായി മാറാന്‍ താന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും സിജു എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് വാസന്തിയിലെ സുകുവെന്നും ആ കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ നല്‍കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സിജു പറഞ്ഞു. വാസന്തിക്കായി നടത്തിയ ഒരുക്കങ്ങളെ കുറിച്ചും
നടന്‍ സംസാരിച്ചു.
‘വാസന്തിയുടെ ഷൂട്ട് നടക്കുന്ന സമയത്ത്, തൊബാമ എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരമെല്ലാം കുറച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരീരമൊക്കെ കുറച്ചു കൂടെ ഭംഗിയായി ഇത്തിരി തിളക്കത്തിലൊക്കെ ആയിരുന്നു.
പക്ഷെ ഇത് വാസന്തിയിലെ റോളിന് ചേരുന്നതല്ലായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ഈ സിനിമയോട് ചേരാത്ത ആളുപോലെയാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
സിനിമയിലെ എല്ലാവരും പരുക്കനായ രൂപത്തിലും ഭാവത്തിലുമായിരുന്നു. വളരെ റോ ആയ കഥാപാത്രങ്ങളാണ്. ആ കഥയും കഥാപാത്രങ്ങളുമായി ചേര്‍ന്നുനില്‍ക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് ഞാന്‍ രാവിലെയുള്ള കുളിയങ്ങ് ഒഴിവാക്കി (ചിരിക്കുന്നു). കുളിക്കാതെയായിരുന്നു ഞാന്‍ സെറ്റില്‍ എത്തിയിരുന്നത്. രാവിലെ എണീറ്റ് പല്ലുതേപ്പും ബാക്കി പ്രഭാതകൃത്യങ്ങളും കഴിക്കും, കുളിക്കില്ല.
മുടിയൊന്നും ചീകാറില്ല. എന്റെ പഴയ വസ്ത്രങ്ങളായിരുന്നു കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചത്. ശരിക്കും പറഞ്ഞാല്‍ ഇതൊക്കെയായിരുന്നു വാസന്തിക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍.
ഇതിനൊക്കെ സ്‌ക്രീനില്‍ പ്രതിഫലമുണ്ടായി എന്നാണ് തോന്നുന്നത്. ആദ്യ പ്രിവ്യുവിന് ശേഷം തന്നെ, മറ്റുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടുണ്ടെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു,’ സിജു വില്‍സണ്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Siju Wilson about his character in the movie Vasanthi