| Sunday, 12th February 2023, 12:47 pm

എനിക്ക് ആകെ തന്നത് മൂന്ന് ലുങ്കിയും ഒരു ജാക്കറ്റും, ബാക്കിയുള്ളവര്‍ക്ക് അങ്ങനെയായിരുന്നില്ല: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രമാണ് രോമാഞ്ചം. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തനായ സിജു സണ്ണി ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമയില്‍ തന്റെ കഥാ പാത്രത്തിന് ആകെ മൂന്ന് ലുങ്കി മാത്രമാണുണ്ടായിരുന്നതെന്നും, അതിനാല്‍ തന്നെ ചിത്രീകരണ സമയത്ത് ഡ്രസ് മാറുന്നതില്‍ തനിക്ക് മറ്റുള്ളവരെപോലെ ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ലെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘ആദ്യം തന്നെ കഥയും കഥാപാത്രത്തെക്കുറിച്ചും വിശദമായി തന്നെ ജിത്തുവേട്ടന്‍ വിവരിച്ചു തന്നിരുന്നു. അങ്ങനെയാണ് മുകേഷിനെക്കുറിച്ച് വ്യക്തമായൊരു ധാരണ കിട്ടുന്നത്. മുടി വെട്ടാതെ നഖം നീട്ടി, വയറിന് മീതേക്ക് മുണ്ടുടുത്ത്, ഇടയ്ക്കിടെ മേലാസകലം ചൊറിഞ്ഞ് കാഴ്ച്ചയിലൊരു വൃത്തിക്കെട്ടവനായി മാറണം എന്നാണ് എന്നോട് പറഞ്ഞത്.

സിനിമയില്‍ ഭൂരിഭാഗം രംഗത്തും ഞാന്‍ ഷര്‍ട്ടിടുന്നില്ല. കഥ കേട്ടത് മുതല്‍ വീട്ടിലും ഷര്‍ട്ടിടാതെയാണ് ഞാന്‍ നടന്നിരുന്നത്. സിനിമയില്‍ കൂടെയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ പല തരം ഡ്രസുകള്‍ ധരിക്കുന്ന സമയത്ത് എനിക്കാകെ ഉണ്ടായിരുന്നത് മൂന്ന് ലുങ്കിയും ഒരു ജാക്കറ്റും മാത്രമാണ്.

മറ്റുള്ളവരോടൊക്കെ ഓരോ ഷോട്ടിന് മുമ്പും സീനിന്റെ കണ്ടിന്യൂറ്റി നോക്കി ഡ്രസിടാന്‍ പറയും. എന്നോട് പച്ച, ചുവപ്പ് എന്നിങ്ങനെ ലുങ്കിയുടെ നിറം മാത്രമാണ് പറയുക. ഞാന്‍ അതിട്ട് ചെല്ലും,’ സിജു സണ്ണി പറഞ്ഞു.

ബെംഗളൂരു നഗരത്തില്‍ താമസിക്കുന്ന ഏഴ് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ജിത്തു മാധവാണ്. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 3 ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

Content Highlight: Actor Siju sunny shares his shooting experience

We use cookies to give you the best possible experience. Learn more