| Wednesday, 15th February 2023, 10:05 am

പാമ്പിനെ കണ്ടാലും കാലൊടിഞ്ഞാലും അഭിനയം മോശമായാലുമെല്ലാം ഓജോബോര്‍ഡിന്റെ പ്രശ്‌നമാണ്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തിയ സിനിമയാണ് രോമാഞ്ചം. സ്വാഭാവിക നര്‍മത്തില്‍ പൊതിഞ്ഞ ഒരു ഹൊറര്‍ ത്രില്ലറാണ് സിനിമ. 2007ല്‍ നടക്കുന്ന കഥയില്‍ ഓജോ ബോര്‍ഡും അതിനെ കേന്ദ്രീകരിച്ച് നടക്കുന്ന ചില സംഭവങ്ങളുമൊക്കെയാണ് പ്രധാന വിഷയമായി വരുന്നത്. സിനിമയെ കുറിച്ച് അതിലെ അഭിനേതാക്കള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്.

ഓജോ ബോര്‍ഡൊക്കെ വെച്ച് ഷൂട്ട് ചെയ്ത സിനിമയുടെ സെറ്റില്‍ അസ്വഭാവികമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് രോമാഞ്ചത്തില്‍ മുകേഷ് എന്ന കഥാപാത്രത്തിലെത്തിയ സിജു സണ്ണി. തങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും ഷൂട്ടിനിടയില്‍ അഭിനയം മോശമായാല്‍ പോലും ഓജോബോര്‍ഡ് കാരണമാണെന്നാണ് തമാശയായി പറഞ്ഞിരുന്നതെന്നും സിജു പറഞ്ഞു.

‘ഞാന്‍ ഈ ഓജോ ബോര്‍ഡിലൊന്നും വിശ്വസിക്കുന്നില്ല. പിന്നെ ഷൂട്ടിന്റെ ഇടയില്‍ ജഗദീഷിന്റെ കാലൊന്ന് ഒടിഞ്ഞിരുന്നു. അത് വേണമെങ്കില്‍ ഓജോബോര്‍ഡ് കാരണമാണെന്ന് പറയാം. അത് പിന്നെ അവന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് ആരോടും പറയണ്ട.

അതുപോലെ തന്നെ ഷൂട്ടിനിടയില്‍ സെറ്റിലൊരു ചേരയെ കണ്ടിരുന്നു. നമ്മുടെ ലൊക്കേഷന്റെ സൈഡിലൊരു കണ്ടം പോലെയൊരു സ്ഥലമുണ്ട്. അവിടെയാണെങ്കില്‍ കാടുകയറി കിടക്കുകയാണ്. അവിടെയാണ് ഞങ്ങള്‍ പാമ്പിനെ കണ്ടത്. അതിന്റെ ഉത്തരവാദിയും ഓജോബോര്‍ഡായിരുന്നു.

പിന്നെ അങ്ങോട്ട് എന്ത് വന്നാലും എല്ലാത്തിനും കാരണം ഓജോബോര്‍ഡാണെന്നാണ് പറഞ്ഞിരുന്നത്. പനി വന്നാലും, ഗ്ലാസ് പൊട്ടിയാലും എന്തിന് വേറെ ഞങ്ങളുടെ അഭിനയം മോശമായാലും അതിന്റെ കാരണം ഓജോ ബോര്‍ഡാണ്,’ സിജു പറഞ്ഞു.

സൗബിന്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും വെബ് സീരീസുകളിലൂടെയും തിളങ്ങിയ താരങ്ങളുമാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ട് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

content highlight: actor siju sunny share funny experience in romancham movie location

We use cookies to give you the best possible experience. Learn more