| Thursday, 9th February 2023, 6:02 pm

ഷൂട്ട് ചെയ്ത സീന്‍ കണ്ട് സൗബിന്‍ ഇറങ്ങിപ്പോയി; പിന്നീട് ആ രംഗം ക്രോപ്പ് ചെയ്ത് കളഞ്ഞു: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചം സിനിമയുടെ ഷൂട്ടിങിനിടയില്‍ സൗബിന്‍ ഷാഹിറുമായി നടന്ന രസകരമായ സംഭവത്തെ ഓര്‍ത്തെടുക്കുകയാണ് സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ച സിജു സണ്ണി. പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

സിനിമയുടെ ഓപ്പണിങ്ങില്‍ കാണിച്ച ബാത്‌റൂമില്‍ നിലത്ത് വീണ് കിടക്കുന്ന സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടന്‍ മറുപടി പറഞ്ഞത്.

”ആ സീനിനെ കുറിച്ച് സൗബിക്ക തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങേര് ഷൂട്ട് കാണാന്‍ വന്ന സമയത്ത് ഞാന്‍ ബാത്റൂമിലെ തറയില്‍ കിടക്കുകയായിരുന്നു. എന്റെ അടുത്തായി ശര്‍ദ്ദിലിന്റെ അവശിഷ്ടങ്ങളുമുണ്ട്. ഞാന്‍ അതില്‍ കൈ കുത്തി തെന്നിവീഴുന്ന സീനായിരുന്നു ആദ്യം എടുത്തത്.

ഇത് കണ്ട് നിന്ന സൗബിക്ക അപ്പഴേ അവിടുന്ന് ഇറങ്ങിപ്പോയി. പിന്നീട് ആ സീന്‍ ക്രോപ്പ് ചെയ്ത് കളയുകയുണ്ടായി. പഴങ്കഞ്ഞിക്കകത്ത് തൈരൊഴിച്ച് അതിന് മുകളിലാണ് ഞാന്‍ ആദ്യം കിടന്നിരുന്നത്. സ്‌ക്രീനിലെത്തിയപ്പോള്‍ ഞാന്‍ കിടന്ന് എണീക്കുന്ന സീന്‍ മാത്രം വെച്ച് ബാക്കി കട്ട് ചെയ്ത് കളഞ്ഞു,” സിജു പറഞ്ഞു.

ഷൂട്ട് ചെയ്യുന്ന സമയത്ത് കുറച്ച് ബുദ്ധിമുട്ട് തോന്നിയെങ്കിലും, തിയേറ്ററില്‍ ആളുകള്‍ ആസ്വദിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഹൊറര്‍ കോമഡി ഴോണറില്‍ ഏഴ് ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. ജിത്തു മാധവന്‍ സംവിധാനവും, തിരക്കഥയും നിര്‍വഹിച്ച് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുശിന്‍ ശ്യാമാണ്. ചിത്രത്തിലെ ആദരാഞ്ജലികള്‍ എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

CONTENT HIGHLIGHT:ACTOR SIJU SUNNY ABOUT SOUBIN SHAHIR

We use cookies to give you the best possible experience. Learn more