| Thursday, 23rd February 2023, 6:06 pm

ഞാന്‍ അവരെയൊന്നും തിരുത്താന്‍ പോകാറില്ല; സ്വയം തിരുത്താന്‍ ശ്രമിക്കാറുണ്ട്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയാണ് രോമാഞ്ചം. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സിനിമയില്‍ മുകേഷ് എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ സിജു സണ്ണി.

സിജുവിന്റെ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ കൃത്യമായ നിലപാട് പറയുന്നവയാണെന്നും അത്തരം കണ്ടന്റുകള്‍ക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ അറ്റാക്കുകളെ നേരിടുന്നത് എങ്ങനെയാണെന്നുമുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടെന്നും ആദ്യമൊക്കെ മോശം കമന്റുകള്‍ വരുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും പിന്നീട് അതൊക്കെ മാറിയെന്നും സിജു പറഞ്ഞു. സിനിമ നിരൂപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നല്‍കി. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിജു ഇക്കാര്യം പറഞ്ഞത്.

‘സൈബര്‍ അറ്റാക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. നമ്മളെ പിന്തണക്കുന്നവരും അതുപോലെ എതിര്‍ക്കുന്നവരും ഉണ്ടാകും. ആദ്യം മോശം കമന്റുകള്‍ കാണുമ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് അതൊക്കെ മാറി. കാരണം എതിര്‍പ്പുള്ളവര്‍ പറയുക തന്നെ ചെയ്യും.

അതുകൊണ്ട് നമ്മള്‍ അവരെ തിരുത്താനോ, എന്തിനാണ് അങ്ങനെ പറയുന്നത് എന്ന് ചോദിക്കാനോ പോകില്ല. അവര്‍ പ്രതികരിക്കുന്നത് അവര്‍ക്കതിനുള്ള അവകാശം ഉള്ളതുകൊണ്ടാണ്. വിമര്‍ശിക്കുന്നതിന് കുഴപ്പമില്ല. ആര്‍ക്കും ആരേയും വിമര്‍ശിക്കാം. പക്ഷെ ആരോഗ്യപരമായ വിമര്‍ശനം ആകണമെന്നേയുള്ളു. തിരുത്തേണ്ടതാണെങ്കില്‍ ഞാന്‍ അത് തിരുത്തും.

സിനിമ കണ്ടിട്ട് തന്നെ അതിനെ വിമര്‍ശിക്കുക. സിനിമ കാണാതെ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ മൂന്ന് നാല് പേര് റിവ്യു എഴുതി നശിപ്പിച്ചാല്‍ പോലും എതിര്‍വശത്ത് ജനങ്ങള്‍ എന്ന ഒരു വൈഡ് ഓഡിയന്‍സ് ഉണ്ട്.

കുറച്ച് റിവ്യൂവേഴ്‌സ് മാത്രം വിചാരിച്ചാല്‍ ഒരു സിനിമയെ തകര്‍ക്കാന്‍ കഴിയുമോ. എനിക്ക് അറിയില്ല. പണം വാങ്ങി അങ്ങനെ ചെയ്യുമെന്ന് ഞാനും കേട്ടിട്ടുണ്ട്. അത് തെറ്റാണ്. പക്ഷെ അതിലെല്ലാമുപരി പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. എനിക്ക് തോന്നുന്നില്ല അവര്‍ റിവ്യു മാത്രം നോക്കി സിനിമ കാണുന്നവരാണെന്ന്,’ സിജു സണ്ണി പറഞ്ഞു.

content highlight: actor siju sunny about social media criticism

We use cookies to give you the best possible experience. Learn more