നിനക്ക് നടക്കാന്‍ പോലുമറിയില്ലേന്ന് ജോഷി സാര്‍ ചോദിച്ചു, പല കാര്യങ്ങളും ഞാന്‍ പഠിച്ചത് അവിടെ നിന്നുമാണ്: സിദ്ദീഖ്
Entertainment news
നിനക്ക് നടക്കാന്‍ പോലുമറിയില്ലേന്ന് ജോഷി സാര്‍ ചോദിച്ചു, പല കാര്യങ്ങളും ഞാന്‍ പഠിച്ചത് അവിടെ നിന്നുമാണ്: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th January 2023, 3:39 pm

നിനക്ക് നടക്കാന്‍ പോലുമറിയില്ലേന്ന് സംവിധായകന്‍ ജോഷി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് നടന്‍ സിദ്ദീഖ്. ന്യൂഡല്‍ഹി സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു അദ്ദേഹം അങ്ങനെ ചോദിച്ചതെന്നും സിദ്ദീഖ് പറഞ്ഞു. സിനിമയില്‍ തന്റെ കഥാപാത്രം അങ്ങനെയായിരുന്നില്ല നടക്കേണ്ടതെന്നും അതിനാലാണ് ജോഷി സാര്‍ വഴക്ക് പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആ സിനിമക്ക് ശേഷമാണ് അഭിനയത്തെ കുറിച്ചുള്ള പലകാര്യങ്ങളും പഠിച്ചതെന്നും ജോഷി തനിക്ക് പലകാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ആരോടും എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ലായെന്ന് പറയരുതെന്നും അവരെ വിഷമിപ്പിക്കുമെന്നും അവരും മനുഷ്യരാണെന്നും ജോഷി പറഞ്ഞിട്ടുണ്ടന്നും സിദ്ദീഖ് പറഞ്ഞു.

‘ന്യൂഡല്‍ഹി സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നിനക്ക് നടക്കാന്‍ പോലുമറിയില്ലല്ലോടാ എന്ന് ജോഷി സര്‍ ചോദിച്ചിട്ടുണ്ട്. കാരണം ഞാന്‍ നടന്നതുപോലെയല്ല ശരിക്കും ആ കഥാപാത്രം നടക്കേണ്ടത്. ഞാന്‍ ആണെങ്കില്‍ നമ്മള്‍ എവിടെയെങ്കിലുമൊക്കെ ഓടി നടന്നതുപോലെയാണ് ആ സിനിമയിലും ചെയ്തത്. അത് അങ്ങനെയല്ലായെന്ന് ഞാന്‍ പഠിച്ചത് അവിടെ വെച്ചാണ്.

നമ്മള്‍ ഒരു കഥാപാത്രമായി കഴിയുമ്പോള്‍ അയാളുടെ നടത്തം എങ്ങനെയായിരിക്കണം സംസാരം എങ്ങനെയായിരിക്കണം, ശരീര ഭാഷ എങ്ങനെയായിരിക്കണം എന്നെല്ലാം അറിഞ്ഞിരിക്കണം. ഒരു പൊലീസ് ഓഫീസറിന്റെ വേഷം ചെയ്യുമ്പോള്‍ നമ്മള്‍ നടക്കുന്നത് പോലെയല്ല ഒരു കള്ളന്റെ വേഷം ചെയ്യുമ്പോള്‍ നടക്കുന്നത്.

ലേലം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ജോഷി സാര്‍ എന്തോ പറഞ്ഞകൂട്ടത്തില്‍ എന്നോട് പറഞ്ഞിട്ടുണ്ട്, സിനിമയിലൊക്കെ അഭിനയിക്കാന്‍ നിന്നെ വിളിക്കുമ്പോള്‍ ഞാനൊന്നും വരില്ലെന്ന് പറയരുത് കേട്ടോ. ഒരു നടനും അങ്ങനെ ചെയ്യരുത്. അതിന് രണ്ട് അര്‍ത്ഥമാണുള്ളത്, ഒന്നെങ്കില്‍ ആ കഥാപാത്രം അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ നിനക്ക് അറിയില്ല അല്ലെങ്കില്‍ ആ സംവിധായകനെ നിനക്ക് ഇഷ്ടമല്ലായെന്നാണ്.

അങ്ങനെയാണ് നമ്മള്‍ മറുപടി പറയുന്നതെങ്കിലും വേദനിപ്പിക്കുന്നത് ഒരു മനുഷ്യനെയാണെന്ന് ഓര്‍ക്കണം. നാളെ നീ അതേ സംവിധായകന്റെ അടുത്ത് ചെന്ന് എനിക്കൊരു പടം ചെയ്യണമെന്ന് പറയുന്ന അവസ്ഥ വന്നാല്‍ എന്ത് ചെയ്യുമെന്ന് നീ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു,’ സിദ്ദീഖ് പറഞ്ഞു.

അതേസമയം ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ സിദ്ദീഖ്-സുരാജ് കൂട്ടുകെട്ടില്‍ ജനുവരി ആറിന് തീയേറ്ററുകളിലെത്തിയ എന്നാലും എന്റെളിയാ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

CONTENT HIGHLIGHT: ACTOR SIDHIQUE TALKS ABOUT NEW DELHI MOVIE