വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലമാക്കി ഒരു സിനിമ ഉണ്ടാകരുതേ എന്നാണ് ആഗ്രഹം: സിദ്ദിഖ്
Entertainment
വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലമാക്കി ഒരു സിനിമ ഉണ്ടാകരുതേ എന്നാണ് ആഗ്രഹം: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 7:55 am

കഴിഞ്ഞവർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. 2018 ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത്.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ്‌ ഓഫീസ് കളക്ഷനിലും റെക്കോഡ് സ്വന്തമാക്കിയിരുന്നു. മലയാളികൾ ഒരുപോലെ നേരിട്ട ദുരന്തത്തിന്റെ കഥയായതിനാൽ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ സിനിമയായിരുന്നു 2018.


കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട് ഉരുൾപൊട്ടൽ ഏതാനും ദിവസം മുമ്പാണ് മലയാളികളെ പിടിച്ച് കുലുക്കിയത്. 2018 പോലെ വയനാട് ഉരുൾപൊട്ടലിനെ ആസ്പദമാക്കിയൊരു സിനിമ ഉണ്ടാവുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ സിദ്ദിഖ്.

പ്രളയം പശ്ചാത്തലമാക്കി അങ്ങനെയൊരു സിനിമ ഇറങ്ങിയതു കൊണ്ടാവാം ഇങ്ങനെയൊരു ചോദ്യമെന്നും എന്നാൽ അതിനെ കുറിച്ച് തനിക്കൊന്നും പറയാൻ കഴിയില്ലെന്നും സിദ്ദിഖ് പറയുന്നു. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ അങ്ങനെയൊരു സിനിമ ഉണ്ടാവരുതെന്നാണ് തന്റെ ആഗ്രഹമെന്നും മറക്കാൻ ആഗ്രഹിക്കുന്ന ദുരന്തമാണതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

‘2018ൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സിനിമ ഉണ്ടായത് കൊണ്ടായിരിക്കും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. സത്യത്തിൽ എനിക്കതിനെ കുറിച്ച് വ്യക്തമായ ഒരു മറുപടി പറയാൻ സാധിക്കില്ല.

അതൊന്നും പശ്ചാത്തലമാക്കി ഒരു സിനിമ ഉണ്ടാവണ്ട എന്നാണ് ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത്. കാരണം അത് നമ്മൾ മറക്കാൻ ആഗ്രഹിക്കുന്ന, ഇനി ഒരിക്കലും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്ന ഒരു ദുരന്തമാണ്. അപ്പോൾ അതിനെ വീണ്ടും ഓർമപ്പെടുത്തി കൊണ്ട് ഒരു സിനിമ ഉണ്ടാവാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന,’സിദ്ദിഖ് പറയുന്നു.

 

Content Highlight: Actor Sidhique Talk About Wayanad Land Slide