ഒരു നടനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നുണ്ടെങ്കില്‍ വ്യക്തി ജീവിതത്തില്‍ ചില മര്യാദകളൊക്കെ പിന്തുടരണമെന്ന് പറയുകയാണ് നടന്‍ സിദ്ദീഖ്. പബ്ലിക്കിന്റെ മുമ്പില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആളുകള്‍ക്ക് തന്നെ ഇഷ്ടമല്ലെന്ന് പറയുന്നത് സഹിക്കാന്‍ കഴിയില്ലെന്നും സിദ്ദീഖ് പറഞ്ഞു.
ഏതൊരാളും ആദ്യം സിനിമയില്‍ വരാനാണ് ശ്രമിക്കുന്നതെന്നും പിന്നീടാണ് അവിടെ നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു നടനെ ആളുകള്‍ക്ക് മടുക്കരുതെന്നും പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
‘ആദ്യം എല്ലാവരും സിനിമയില്‍ വരാന്‍ ആഗ്രഹിക്കും. വന്ന് കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും പിടിച്ച് കേറാന്‍ നോക്കും. അത് കഴിഞ്ഞ് ഒരു അവസ്ഥയിലെത്തിയാല്‍ അതില്‍ നിന്ന് താഴെ പോരാതിരിക്കാനും മുകളില്‍ പോകാനും ശ്രമിക്കും.
ആളുകള്‍ക്ക് നമ്മളെ മടുക്കരുത്, മുഷിപ്പ് തോന്നരുത്. ഏറ്റവും പ്രധാനം പ്രേക്ഷകര്‍ നമ്മളെ ഇഷ്ടപ്പെടുക എന്നുള്ളതാണ്. ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരുപാട് പ്രവര്‍ത്തികള്‍ നമുക്ക് വേണമെങ്കില്‍ ചെയ്യാം.
കലാകാരന്മാര്‍ക്ക് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടേ പറ്റൂ. നമ്മളെ പറ്റി ഒരു ട്രോള് വന്ന് അതിന്റെ താഴെ ഒരു മോശം കമന്റ് ഇട്ടാല്‍ പോലും നോവും. എന്നെ ആളുകള്‍ക്ക് ഇഷ്ടമല്ലേ, എന്നോട് അത്ര വെറുപ്പാണോ എന്ന് തോന്നും. അതാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന ഒരു കാര്യം.
ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു ആളായിരിക്കണം ഞാന്‍. അങ്ങനെ ഇഷ്ടപ്പെടണം എന്നുണ്ടെങ്കില്‍ എന്റെ പേഴ്സണല്‍ ലൈഫില്‍ ചില മര്യാദകള്‍ പാലിക്കണം. പബ്ലിക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിക്കണം.
അങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് പ്രേക്ഷകന്റെ ഇഷ്ടം വേണം. എന്നെ ആളുകള്‍ക്ക് ഇഷ്ടമല്ല എന്ന് പറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.ആളുകളെ ഇഷ്ടപ്പെടുത്തുക എന്നുള്ളതാണ് കാര്യം. അതിന് വേണ്ടിയാണ് ഈ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നത്,’ സിദ്ദീഖ് പറഞ്ഞു.
content highlight: actor sidhique share his thoughts