| Tuesday, 11th April 2023, 1:47 pm

ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കുന്നത് ഞാന്‍, അവരുടെ അമ്മയോട് വലിയ ചതിയാണ് കാണിച്ചത്: സിദ്ദീഖ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനും പാര്‍വതിക്കുമൊപ്പമുള്ള രസകരമായ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. പാര്‍വതിയും ജയറാമും പ്രണയത്തിലായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് താന്‍ വിളിച്ചിരുന്നു എന്നും ശരിക്കും പറഞ്ഞാല്‍ പാര്‍വതിയുടെ അമ്മയോടൊക്കെ കാണിക്കുന്ന വലിയ ചതിയാണ് അതെന്നും വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘ഞാന്‍ എറണാകുളത്തെ വീട്ടിലുള്ള സമയത്ത് ജയറാം എന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഷൂട്ടിങ്ങൊന്നും ഇല്ലെങ്കില്‍ നീ തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ തിരുവന്തപുരത്തേക്ക് പോയി. എന്റെയൊരു മാരുതി കാറൊക്കെ ഓടിച്ചാണ് ഞാന്‍ പോയത്. അവിടെ ചെന്ന് കഴിയുമ്പോള്‍ ഞാനും ജയറാമും ഒരു മുറിയിലാണ് താമസിക്കുന്നത്.

ജയറാം അവിടെയിരുന്ന് പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കും. എനിക്ക് അവരുടെ വീട്ടിലേക്ക് വിളിക്കാം. ജയറാമിനാണ് വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തത്. അങ്ങനെ ഞാന്‍ വിളിച്ച് പാര്‍വതിയുടെ അമ്മയുടെ അടുത്തൊക്കെ സംസാരിക്കും. അമ്മ കുറെ നേരം വര്‍ത്തമാനമൊക്കെ പറഞ്ഞിട്ട് ഫോണ്‍ പാര്‍വതിക്ക് കൊടുക്കും. ശരിക്കും എന്തൊരു ചതിയാണ് ചെയ്യുന്നതെന്ന് ആലോചിച്ച് നോക്കണം.

പാര്‍വതിയുടെ ഹലോ കേള്‍ക്കുമ്പോല്‍ തന്നെ ജയറാം ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിക്കും. പിന്നെ എന്നോട് റൂമില്‍ നിന്ന് ഇറങ്ങിപ്പൊക്കോളാന്‍ പറയും. പിന്നെ അവര്‍ കുറേ നേരം സംസാരിക്കും. കുറച്ച് കഴിയുമ്പോള്‍ എന്റെ കയ്യില്‍ തരും. പിന്നെ അവിടുത്തെ അമ്മ പറയും എന്നാല്‍ ഊണ് കഴിക്കാന്‍ ഒരു ദിവസം ഇങ്ങോട്ട് വരാന്‍.

അത് കേള്‍ക്കുമ്പോള്‍ ഞാന്‍ കാറുമൊക്കെയായി ഉച്ചയാകുമ്പോള്‍ അവിടേക്ക് ചെല്ലും. അങ്ങനെ അവിടുന്ന് ഊണൊക്കെ കഴിച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കും. കുറച്ച് കഴിയുമ്പോള്‍ പാര്‍വതി പറയും എന്നാല്‍ ഞാന്‍ സിദ്ദീഖിന്റെ കൂടെ പുറത്തൊക്കെ പോയിട്ട് വരാമെന്ന്. അപ്പോള്‍ അമ്മ സമ്മതിക്കും. ഡ്രൈവിങ് സീറ്റില്‍ ഞാനിരിക്കുന്നു, ഫ്രണ്ടില്‍ പാര്‍വതിയിരിക്കുന്നു. പുറകിലാണെങ്കില്‍ ജയറാമുമുണ്ട്. അത്രയും സമയം ഏ.സി പോലും ഇടാതെ കാറില്‍ വിയര്‍ത്ത് കുളിച്ച് കാത്തിരിക്കുകയായിരിക്കും ജയറാം,’ സിദ്ദീഖ് പറഞ്ഞു.

content highlight: actor sidhique share funny memories witha jayaram and parvathy

We use cookies to give you the best possible experience. Learn more