മമ്മൂക്കയെ അഭിനന്ദിക്കുമ്പോള്‍ പിന്നിലുള്ളവരെ മറക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, അത്തരം കഥാപാത്രങ്ങളെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയില്ല: സിദ്ദിഖ്
മമ്മൂട്ടിയെ അഭിനന്ദിക്കുമ്പോള്‍ അദ്ദേഹത്തെ അതിനായി തയ്യാറാക്കിയ സംവിധായകരെയും അണിയറപ്രവര്‍ത്തകരെയും ആളുകള്‍ മറക്കുന്നുണ്ടെന്ന് നടന്‍ സിദ്ദിഖ്. നല്ല സിനിമകള്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്നത് കഥാപാത്രങ്ങളുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് സംവിധായകര്‍ വരുന്നത് കൊണ്ട് മാത്രമാണെന്നും സിദ്ദിഖ് പറഞ്ഞു.
സിനിമകള്‍ വരുമ്പോള്‍ മമ്മൂട്ടി അത് എടുക്കാന്‍ തയ്യാറാകുന്നതും നിര്‍മിക്കുന്നതും നല്ല കാര്യമാണെന്നും പക്ഷെ അത്തരം കഥാപാത്രങ്ങള്‍ മമ്മൂട്ടിയെ കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.
”ഓരോ സിനിമ കഴിയുമ്പോഴും അഭിനയിച്ച് നന്നാക്കുകയാണ്. സംവിധായകരും മറ്റുള്ളവരുമാണ് പലതും പറഞ്ഞ് തരുന്നത്. എത്രയോ സംവിധായകരുടെയും പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് നമ്മള്‍ തേച്ച് മിനുക്കപ്പെടുന്നത്. അവരുടെ സഹായം കൊണ്ടാണ് നമ്മള്‍ നന്നാവുന്നത്.
മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ പറ്റുന്നത്. അത്തരം സിനിമകള്‍ വരുമ്പോള്‍ മമ്മൂക്ക അത് എടുക്കാന്‍ തയ്യാറാകുന്നു, അവ നിര്‍മിക്കുന്നു അത് നല്ലൊരു കാര്യമാണ്. പക്ഷെ അത്തരം കഥാപാത്രങ്ങള്‍ മമ്മൂക്കയെ കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല.
അത്തരം കഥാപാത്രങ്ങള്‍ വേറെ ഒരാള്‍ ഉണ്ടാക്കി കൊണ്ടുവന്നിട്ട് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നതാണ്. ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്തെ മയക്കം എന്ന സിനിമ ഉണ്ടാക്കി, ആ കഥാപാത്രവുമായി മമ്മൂക്കയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞത്. അല്ലാതെ മമ്മൂക്ക നന്‍പകല്‍ നേരത്തെ മയക്കം ഉണ്ടാക്കിയിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്തത്.
സിനിമക്ക് വേണ്ടി പണി എടുക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവര്‍ അദ്ദേഹത്തെ വിളിക്കാനുള്ള കാരണം അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് അദ്ദേഹം മുമ്പും ഭംഗിയാക്കിയിട്ടുള്ളത് കൊണ്ടാണ്.
മമ്മൂക്കയെ അഭിനന്ദിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പിന്നിലുള്ളവരെയും നമ്മള്‍ അഭിനന്ദിക്കണം. ഭീഷ്മപര്‍വം,റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളുടെ പേരില്‍ മമ്മൂക്കയെ അഭിനന്ദിക്കുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആളുകള്‍ മറക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അത് മറക്കാന്‍ പാടില്ല,” സിദ്ദിഖ് പറഞ്ഞു.