ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്തെ മയക്കം ഉണ്ടാക്കിയത് കൊണ്ടാണ് മമ്മൂക്കക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്, അല്ലാതെ അദ്ദേഹം കഥ ഉണ്ടാക്കിയിട്ട് ലിജോയെ വിളിച്ചതല്ല: സിദ്ദിഖ്
Entertainment news
ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്തെ മയക്കം ഉണ്ടാക്കിയത് കൊണ്ടാണ് മമ്മൂക്കക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്, അല്ലാതെ അദ്ദേഹം കഥ ഉണ്ടാക്കിയിട്ട് ലിജോയെ വിളിച്ചതല്ല: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 8:16 am

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇത്തരത്തില്‍ തന്നിലെ നടനെ തേച്ച് മിനുക്കുന്ന മമ്മൂട്ടിയുടെ സമീപനത്തെക്കുറിച്ചുള്ള ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ സിദ്ദിഖ്.

ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥ ഉണ്ടാക്കി മമ്മൂട്ടിയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് മമ്മൂട്ടിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതെന്ന് സിദ്ദിഖ്. മമ്മൂട്ടി നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കഥ ഉണ്ടാക്കിയതിന് ശേഷം ലിജോയെ പോയി കണ്ടതല്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്.

മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിന്റെ ഇടയില്‍ പലരും സംവിധായകരെയും മറ്റ് അണിയറപ്രവര്‍ത്തകരെയും മറക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി എന്ന നടന്‍ സിനിമകളെ സമീപിക്കുന്ന രീതിയെക്കുറിച്ച് ചോദിച്ച മൂവി മാന്‍ ബ്രോഡ്കാസ്റ്റിലെ അവതാരകന്റെ ചോദ്യത്തിനാണ് സിദ്ദിഖ് ഇങ്ങനെ മറുപടി പറഞ്ഞത്.

” ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്തെ മയക്കം എന്ന സിനിമ ഉണ്ടാക്കി, ആ കഥാപാത്രവുമായി മമ്മൂക്കയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞത്. അല്ലാതെ മമ്മൂക്ക നന്‍പകല്‍ നേരത്തെ മയക്കം ഉണ്ടാക്കിയിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്തത്.

സിനിമക്ക് വേണ്ടി പണി എടുക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവര്‍ അദ്ദേഹത്തെ വിളിക്കാനുള്ള കാരണം അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് അദ്ദേഹം മുമ്പും ഭംഗിയാക്കിയിട്ടുള്ളത് കൊണ്ടാണ്.

മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ പറ്റുന്നത്. അത്തരം സിനിമകള്‍ വരുമ്പോള്‍ മമ്മൂക്ക അത് എടുക്കാന്‍ തയ്യാറാകുന്നു, അവ നിര്‍മിക്കുന്നു അത് നല്ലൊരു കാര്യമാണ്.

പക്ഷെ അത്തരം കഥാപാത്രങ്ങള്‍ മമ്മൂക്കയെ കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല. അത്തരം കഥാപാത്രങ്ങള്‍ വേറെ ഒരാള്‍ ഉണ്ടാക്കി കൊണ്ടുവന്നിട്ട് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നതാണ്.

മമ്മൂക്കയെ അഭിനന്ദിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പിന്നിലുള്ളവരെയും നമ്മള്‍ അഭിനന്ദിക്കണം. ഭീഷ്മപര്‍വം,റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളുടെ പേരില്‍ മമ്മൂക്കയെ അഭിനന്ദിക്കുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആളുകള്‍ മറക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അത് മറക്കാന്‍ പാടില്ല,” സിദ്ദിഖ് പറഞ്ഞു.

content highlight: actor sidhique about mammootty