| Tuesday, 11th April 2023, 8:07 am

ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഭയങ്കര അസ്വസ്ഥനായിരുന്നു; പക്ഷെ അതിനുശേഷം ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മക്കളായി മാറി: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനു അശോകന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഉയരെ. പാര്‍വതി തിരുവോത്ത് നായികയായ സിനിമ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ പാര്‍വതിയുടെ അച്ഛനായി അഭിനയിച്ചത് നടന്‍ സിദ്ദീഖാണ്. ആ കഥാപാത്രം അഭിനയിച്ചതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സിദ്ദീഖ്.

ഉയരെയില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഭയങ്കര അസ്വസ്ഥനായിരുന്നു എന്നും അന്ന് പല പെണ്‍കുട്ടികളും തന്നെ വിളിച്ച് സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താനും സിനിമയിലെ അച്ഛനെ പോലെയാണെന്നും മകളുടെ ഇഷ്ടം എന്താണോ അതുപോലെ നടക്കട്ടെ എന്നാണ് ചിന്തിക്കാറെന്നും വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ മകള്‍ക്ക് ഇങ്ങനെ വരുവോ, വന്നാല്‍ എന്ത് ചെയ്യും, അല്ലെങ്കില്‍ വരാതിരിക്കട്ടെ എന്ന ചിന്തയായിരുന്നു. ശരിക്കും ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഭയങ്കര അസ്വസ്ഥനായിരുന്നു. മുഖത്ത് നിന്നും ബാന്റേഡ് അഴിക്കുമ്പോഴുള്ള സീനൊക്കെ മനപ്രയാസത്തോട് കൂടി തന്നെയാണ് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ നല്ല ബുദ്ധിമുട്ടായിരുന്നു. നമ്മളെ സിനിമ ഭയങ്കരമായി വേട്ടയാടിയിരുന്നു.

ആ സിനിമക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ എന്നെ നേരിട്ട് വിളിക്കുകയും ഫോണില്‍ സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. എനിക്ക് ഇങ്ങനെയൊരു അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു. അല്ലെങ്കില്‍ എന്റെ അച്ഛന്‍ ഇങ്ങനെയാണ് എന്നൊക്കെ പലരും പറയും. ഉയരെ കഴിഞ്ഞപ്പോഴാണ് ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മക്കളായി മാറിയത്.

അച്ഛനോടുള്ള ഇഷ്ടവും സ്‌നേഹവുമൊക്കെ പല പെണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ എന്നോടുണ്ട്. ഉയരയിലെ അച്ഛന്റെ സ്വഭാവം തന്നെയാണ് ഏറെകുറേ എനിക്കും. എന്റെ ഭാര്യ എപ്പോഴും ആ കാര്യം പറയും. മോള്‍ എന്ത് പറഞ്ഞാലും ഞാന്‍ അതൊക്കെ ചെയ്ത് കൊടുക്കുമെന്നും പറയും. ഞാന്‍ എപ്പോഴും മകളുടെ ഇഷ്ടം അതാണെങ്കില്‍ നടക്കട്ടെ എന്ന് വിചാരിക്കുന്നയാളാണ്.

ഞാന്‍ അവള്‍ക്ക് എപ്പോഴും പറഞ്ഞുകൊടുക്കുന്ന ഒറ്റ കാര്യം മാത്രമെയുള്ളു. നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം, നിനക്ക് ഇഷ്ടമുള്ളത് പഠിക്കാം അങ്ങനെ എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷെ എന്നോട് മറച്ചുവെക്കാതെ ഇതൊക്കെ തുറന്ന് പറയണമെന്നാണ് ഞാന്‍ മകളോട് പറഞ്ഞിരിക്കുന്നത്,’ സിദ്ദീഖ് പറഞ്ഞു.

content highlight: actor sidhique about his life after uyare movie

We use cookies to give you the best possible experience. Learn more