| Tuesday, 24th January 2023, 9:06 am

ആ സീന്‍ കണ്ട് കുഞ്ചാക്കോ ബോബന്‍ കരഞ്ഞു, ഒരുപാട് ആണുങ്ങളെ കരയിക്കാന്‍ ആ വാക്കുകള്‍ക്ക് കഴിഞ്ഞു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ആന്‍ മരിയ കലിപ്പിലാണ്,’. ആ സിനിമയില്‍ സിദ്ദീഖിന്റെ വളരെ ഇമോഷണലായ ഒരു സീനുണ്ട്. ആ സീന്‍ കണ്ടിട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ തിയേറ്ററിലിരുന്ന് കരഞ്ഞുവെന്ന് പറയുകയാണ് സിദ്ദീഖ്. മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

ആ സീന്‍ കണ്ടിട്ട് കുഞ്ചാക്കോ ബോബന്‍ ഭയങ്കര കരച്ചിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രിയ തന്നോട് പറഞ്ഞുവെന്നും ഒരുപാട് ആണുങ്ങളെ കരയിപ്പിച്ച സിനിമയാണതെന്നും സിദ്ദിഖ് പറഞ്ഞു. തന്റെ ജീവിതത്തിലെ ചില ഓര്‍മകളും ഇതോടൊപ്പം അദ്ദേഹം പങ്കുവെച്ചു.

‘ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ ഒരു ഇമോഷണല്‍ സീനുണ്ട്. അത് കണ്ടിട്ട് തിയേറ്ററിലിരുന്നു കുഞ്ചാക്കോ ബോബന്‍ കരഞ്ഞു. പിന്നീട് പ്രിയ എന്നോട് പറഞ്ഞിട്ടുണ്ട് ഭയങ്കര കരച്ചിലായിരുന്നു എന്ന്. ഒരുപാട് ആണുങ്ങളെ കരയിപ്പിച്ച ഒരു സിനിമയാണത്. അതിപ്പോള്‍ മക്കള്‍ ആണെങ്കില്‍ പോലും അവര്‍ ഒരുപാട് കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും.

ചെറുപ്രായത്തില്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടാതെയും ഒക്കെ വേദനിക്കുന്ന കുട്ടികളുണ്ടാകും. ആ പ്രായത്തിലൊക്കെ കുട്ടികളുടെ ഒരുപാട് മോഹങ്ങള്‍ തടഞ്ഞ് വെച്ചിട്ട് വളര്‍ത്തുന്ന നിരവധി മാതാപിതാക്കളുണ്ട്. ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ അങ്ങനെയായിരുന്നു. കാരണം മതാപിതാക്കള്‍ അന്നൊക്കെ കുറേക്കൂടി സ്ട്രിക്ടായിരുന്നു.

നമ്മള്‍ സന്തോഷിക്കുന്ന പല കാര്യങ്ങളും അവര്‍ വേണ്ടാ വേണ്ടായെന്ന് പറയും. അങ്ങനെ പറയുന്നത് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല. ചെറുപ്പത്തിലൊക്കെ ഒരു ബന്ധു നമ്മുടെ വീട്ടില്‍ വന്നിട്ട് പോകുമ്പോള്‍ ചിലപ്പോള്‍ ഒരു രൂപ കൈയ്യില്‍ തരും. അവരുടെ സന്തോഷത്തിനാണ് അത് തരുന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് വാങ്ങിക്കാന്‍ സമ്മതിക്കില്ല. ഏയ് പിള്ളേര്‍ക്ക് പൈസയൊന്നും കൊടുക്കരുത് എന്നാണ് പറയുന്നത്.

അങ്ങനെ നമ്മുടെ സന്തോഷങ്ങളൊക്കെ കട്ട് ചെയ്യപ്പെടുമായിരുന്നു. അപ്പോള്‍ വലുതാകുമ്പോള്‍ ഈ സ്വഭാവം നമുക്കും വന്നിട്ട് ഇതേ പോലെ തന്നെ നമ്മുടെ മക്കളോടും ചെയ്യും. അങ്ങനെ ചെയ്താല്‍ ചീത്തയായി പോകുമോ എന്നൊക്കെ കരുതി പിള്ളേരെ നിയന്ത്രിച്ച് വളര്‍ത്തും. നമുക്കും അറിയില്ലല്ലോ, നമ്മുടെ അച്ഛന്‍ ചെയ്തത് ശരിയാണെന്ന് കരുതിയാണല്ലോ നമ്മളും അങ്ങനെയൊക്കെ ചെയ്യുന്നത്.

ആ സിനിമ ചെയ്യുമ്പോള്‍, എന്റെ കുട്ടികളുടെ സന്തോഷം ഞാനായിട്ട് ഇല്ലാതാക്കിയിട്ടുണ്ടോ എന്നായിരുന്നു സംശയം. തിയേറ്ററിലിരുന്ന് പല മാതാപിതാക്കളും ഇതൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക. എന്റെ കുട്ടിയോട് ഞാന്‍ അങ്ങനെ ചെയ്ത് കാണുവോ, എന്റെ മോളുടെ എന്തെങ്കിലും ആഗ്രഹം ഞാന്‍ നടത്തി കൊടുക്കാതെ ഇരുന്നിട്ടുണ്ടോ എന്ന ചിന്തയൊക്കെ വരുമ്പോള്‍ ഉറപ്പായും മാതാപിതാക്കള്‍ തിയേറ്ററിലിരുന്ന് കരയും,’ സിദ്ദീഖ് പറഞ്ഞു.

content highlight: actor sidhique about ann maria kalippilanu movie and kunchacko boban

We use cookies to give you the best possible experience. Learn more