'ട്രംപ് , തെരഞ്ഞെടുപ്പിന് മുമ്പ് ഞാനുമായി ഒരു അഭിമുഖം വളരെ നല്ലതാണ്, പഴങ്ങള്‍ കഴിക്കുന്നത് എങ്ങിനെയാണെന്ന ചോദ്യമുണ്ട്'; മോദിയെ അഭിമുഖം നടത്തിയ അക്ഷയ് കുമാറിനെ ട്രോളി സിദ്ധാര്‍ത്ഥ്
D' Election 2019
'ട്രംപ് , തെരഞ്ഞെടുപ്പിന് മുമ്പ് ഞാനുമായി ഒരു അഭിമുഖം വളരെ നല്ലതാണ്, പഴങ്ങള്‍ കഴിക്കുന്നത് എങ്ങിനെയാണെന്ന ചോദ്യമുണ്ട്'; മോദിയെ അഭിമുഖം നടത്തിയ അക്ഷയ് കുമാറിനെ ട്രോളി സിദ്ധാര്‍ത്ഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 12:52 pm

ചെന്നൈ: നരേന്ദ്രമോദിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തെ കളിയാക്കി നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരിഹാസം.

ട്രംപ് തെരഞ്ഞെടുപ്പിന് തയ്യാറാകുന്നുണ്ടെങ്കില്‍ താനുമായി ഒരു അഭിമുഖം വളരെ നല്ലതാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. താങ്കള്‍ എങ്ങിനെയാണ് പഴങ്ങള്‍ കഴിക്കാറുള്ളത്, നിങ്ങളുടെ ഉറക്കത്തിനെയും ജോലി ചെയ്യുന്നതിനെ കുറിച്ചും കൂടെ നിങ്ങളുടെ മനോഹരമായ ക്യാരക്ടറിനെ കുറിച്ചും ചോദ്യമുണ്ടെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

എന്റെ കൈയ്യില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്. അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ മോദിയോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് മോദി മാങ്ങ കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു മറ്റു സംഭാഷണ വിഷയങ്ങള്‍

നേരത്തെയും സിദ്ധാര്‍ത്ഥ് മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ വേദിയില്‍ പുല്‍വാമ ഭീകരാക്രമണത്തെ അതിതീവ്രതയില്‍ അവതരിപ്പിച്ച സാഹചര്യത്തിലായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.

പി.എം നരേന്ദ്രമോദി സിനിമയെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയ്ലര്‍ കാണിക്കുന്നില്ല. സെക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ അതുപോലെതന്നെ നെഹ്റുവിന്റെ വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു” എന്നുപറഞ്ഞാണ് സിദ്ധാര്‍ത്ഥിന്റെ പരിഹാസം