സിനിമ താരങ്ങളെവിടെ പോയാലും ക്യാമറയുമായി പിന്നാലെ പോകുന്നത് ഇപ്പോള്‍ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ അപരിചിതമായ ഒന്നല്ല. മലയാളത്തില്‍ ഈ പാപ്പരാസി സമ്പ്രദായം കുറവാണെങ്കിലും ബോളിവുഡിലൊക്കെ സ്ഥിരം പരിപാടി ആയിട്ടുണ്ട്. പാപ്പരാസി സംസ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്.
എവിടെ പോയാലും ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുന്നത് തന്റെ ജോലി അല്ലെന്നും ഫോട്ടോ എടുക്കുന്നതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. എല്ലാത്തിനും പരിധിയുണ്ടെന്നും അത് മറികടക്കരുതെന്നും ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എയര്‍പോര്‍ട്ടില്‍ പോയാല്‍ അവിടെ വന്നും ഫോട്ടോ എടുക്കും. എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് കാണണ്ട. അതെന്റെ ജോലിയല്ല. എയര്‍പോര്‍ട്ടില്‍ ആളുകള്‍ എന്നെ വന്ന് കണ്ടതുകൊണ്ട് എനിക്ക് ഒരു രൂപ കൂടുതലൊന്നും കിട്ടുന്നില്ല. എന്റെ എയര്‍പോര്‍ട്ടിലെ ഒരു ഫോട്ടോ പുറത്തുവരുന്നതുകൊണ്ട് ഒരു ആരാധകനും പ്രത്യേകിച്ച് സന്തോഷം ഉണ്ടാവുന്നില്ല. മാത്രവുമല്ല എന്റെ അനുവാദം വാങ്ങണം. എനിക്ക് ഫോട്ടോ എടുക്കുന്നതില്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കണം.
നിങ്ങള്‍ ഒരു ആക്ടറാണ്, എവിടെയാണെങ്കില്‍ ഫോട്ടോയെടുക്കാന്‍ നില്‍ക്കണം എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. അതൊന്നും ശരിയല്ല. ഇത് അഹങ്കാരമൊന്നുമല്ല. എല്ലാത്തിനും മേല്‍ ഒരു വരയുണ്ട്. അത് മറികടക്കരുത്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ചിറ്റയാണ് ഒടുവില്‍ പുറത്തുവന്ന സിദ്ധാര്‍ത്ഥിന്റെ ചിത്രം. മികച്ച പ്രേക്ഷക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുണ്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. എറ്റാക്കി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസ് ആണ്. നിമിഷ സജയന്‍, അഞ്ജലി നായര്‍, സഹസ്ര ശ്രീ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Actor Sidharth talks about paparazzi culture