ന്യൂദല്‍ഹി: ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ അവകാശവാദങ്ങളെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. അമിത് ഷാ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ഇന്ത്യയില്‍ ലോകോത്തര നിലവാരമുള്ള സ്റ്റാന്റപ്പ് കൊമേഡിയന്‍മാരില്ലെന്ന് ആരാ പറഞ്ഞത്?’ എന്നുകുറിച്ചായിരുന്നു അമിത് ഷായുടെ ട്രോള്‍.
‘ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വയം തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. നേരത്തെ അത് കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരമായിരുന്നു പ്രവര്‍ത്തിക്കാറുള്ളത്’ എന്ന അമിത് ഷായുടെ അവകാശവാദത്തെയാണ് സിദ്ധാര്‍ത്ഥ് പരിഹസിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്ന വേളയില്‍ ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പു നടത്താന്‍ തയ്യാറാണെന്നാണ് അമിത് ഷാ കഴിഞ്ഞദിവസം സഭയില്‍ പറഞ്ഞത്.
‘ ജമ്മുകശ്മീരില്‍ എന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. അതില്‍ കേന്ദ്രസര്‍ക്കാറിന് യാതൊരു ഇടപെടലുമില്ല. ഒരിക്കല്‍ കോണ്‍ഗ്രസായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷനെ നിയന്ത്രിച്ചിരുന്നത്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കിയാല്‍ പിന്നെ ഞങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരു സെക്കന്റുപോലും പാഴാക്കില്ല.’ എന്നും ഷാ അവകാശപ്പെട്ടിരുന്നു.
കേന്ദ്ര നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം കോണ്‍ഗ്രസ് പലവട്ടം ഉയര്‍ത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തിയ്യതി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ബി.ജെ.പി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പു തിയ്യതി പുറത്തുവിട്ടത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.
ഇതിനു പുറമേ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി അമിത് ഷായ്ക്കുമെതിരെ ഉയര്‍ന്ന തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന ആരോപണങ്ങളില്‍ ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ച നിലപാടും വിമര്‍ശിക്കപ്പെട്ടിരുന്നു. ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഇവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്തത്. ഈ വിഷയത്തില്‍ കമ്മീഷനുള്ളില്‍ തന്നെ ഭിന്നത നിലനിന്നിരുന്നു.