| Thursday, 29th April 2021, 1:46 pm

'മോദിയോടും ഷായോടുമാണ്', എന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ട; ബി.ജെ.പി ഫോണ്‍ നമ്പര്‍ ചോര്‍ത്തി, ഭീഷണി കോളുകള്‍ വരുന്നതായി സിദ്ധാര്‍ത്ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐടി സെല്ലും ചേര്‍ന്ന ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്.

അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.

തന്റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ നമ്പര്‍ പങ്കുവെച്ചുകൊണ്ട് തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെക്കുന്നു.

‘എന്റെ നമ്പര്‍ ചോര്‍ത്തിക്കൊണ്ട് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്ന നിരവധി പോസ്റ്റുകളില്‍ ഒന്നാണിത്. എന്നെ ആക്രമിക്കാനും ഉപദ്രവിക്കാനുമാണ് നിര്‍ദേശം.

‘ഇനി ഇവനെ വായ തുറക്കാന്‍ അനുവദിക്കരുത്’ എന്നാണ് പറഞ്ഞിരിക്കുന്നത്.

‘നമ്മള്‍ കൊവിഡില്‍ നിന്നും അതിജീവിക്കും. പക്ഷെ ഇവരില്‍ നിന്ന് ഒരു അതിജീവനം ഉണ്ടാകുമോ?,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തുന്നയാളാണ് നടന്‍ സിദ്ധാര്‍ത്ഥ്.

കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയും ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പറഞ്ഞ ഉത്തര്‍ പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെയും സിദ്ധാര്‍ത്ഥ് നിരന്തരം വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്നായിരുന്നു സിദ്ധാര്‍ത്ഥ് കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Sidharth phone leaked and 500 threat calls to him and family members

Latest Stories

We use cookies to give you the best possible experience. Learn more