ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: ‘ഹൗഡി മോദി’ പരിപാടി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടന് സിദ്ധാര്‍ഥ്. യു.എസില്‍ നിന്നു തിരിച്ചെത്തിയ മോദി ദല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം.
‘പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്നു നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ. ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്.’- ഇങ്ങനെയായിരുന്നു ട്വീറ്റ്.
മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ഥ് ഇക്കാര്യം പറഞ്ഞത്. ദല്‍ഹിയിലെ മറക്കാനാവാത്ത സ്വീകരണം എന്ന തലക്കെട്ടിനായിരുന്നു സിദ്ധാര്‍ഥിന്റെ വക ട്രോള്‍.
അതിനിടെ മോദിയുടെ ‘ഹൗഡി മോദി’ പരിപാടി സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പരിപാടിയുടെ സ്പോണ്‍സറായ ടെലൂറിയന്‍ കമ്പനിയെ സഹായിക്കാനാണെന്ന ആരോപണമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കഴിഞ്ഞ മേയില്‍ ഉപേക്ഷിച്ച പെട്രോനെറ്റ്-ടെലൂറിയന്‍ കരാര്‍ മോദിസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചെന്നാണ് ആരോപണം. ടെലൂറിയന്‍ കമ്പനിയുമായിച്ചേര്‍ന്നാണ് പെട്രോനെറ്റിന്റെ ഇന്ധന ഇറക്കുമതിക്കരാര്‍.
ഒരു യു.എസ് കമ്പനിയുമായി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണിത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, ഒ.ഐ.സി, ബി.പി.സി.എല്‍, ഗെയില്‍ എന്നിവയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പെട്രോനെറ്റ്.
കരാറിലൂടെ ‘ഹൗഡി മോദി’ സ്പോണ്‍സറായ ടെലൂറിയനു പ്രതിവര്‍ഷം ഇന്ത്യയിലേക്ക് അഞ്ചു ദശലക്ഷം ടണ്‍ വരെ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാകുമെന്നതാണു ധാരണ. 17,668 കോടി രൂപയാണു കരാര്‍ ചെലവ്.
ഹൗഡി മോദി പരിപാടിക്കിടെ മോദിയുടെ സാന്നിധ്യത്തില്‍ വീണ്ടും ധാരണാപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതു കരാറല്ലെന്നും വാദമുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇരുകമ്പനികളും തമ്മില്‍ സമാനരീതിയില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഈ വര്‍ഷം പകുതിയോടെ അവസാന നിക്ഷേപം എന്നതായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ കൂടുതല്‍ വ്യക്തത വരുത്തിയുള്ളതാണു പുതിയ ധാരണാപത്രമെന്നുള്ളതാണ് റിപ്പോര്‍ട്ടുകള്‍.
2020 മാര്‍ച്ചില്‍ത്തന്നെ കരാര്‍ അന്തിമമാക്കാന്‍ കഴിഞ്ഞേക്കും.