| Thursday, 27th December 2018, 9:13 am

മറാത്തി മതഭ്രാന്തനായി യു.പി യില്‍ നിന്നുമുള്ള മുസ്‌ലിം നടനഭിനയിക്കുന്ന കാവ്യനീതി; താക്കറെയാവാന്‍ ഒരുങ്ങുന്ന നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: പൊതു വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധേയനാണ് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് . ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തെ വിമര്‍ശിച്ചാണ് സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ പ്രതികരണം.

മറാത്തി മതഭ്രാന്തനെ പുകഴ്ത്തുവാനായി മാത്രം നിര്‍മ്മിക്കുന്ന സിനിമയില്‍ ആ വേഷം ചെയ്യുന്നത് യു.പി യില്‍ നിന്നുമുള്ള മുസ്‌ലിം, ഇതാണ് കാവ്യനീതി എന്നാണ് സിദ്ദാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചത്.

തെന്നിന്ത്യയെ പ്രത്യക്ഷത്തില്‍ തന്നെ പരിഹസിക്കുന്ന താക്കറേയുടെ പ്രസ്താവനകളെ വാഴ്ത്തുന്ന ചിത്രം വിറ്റ് പൈസയുണ്ടാക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? വെറുപ്പ് വില്‍ക്കുന്നത് നിര്‍ത്തൂ എന്നും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

Also Read:  തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് ദല്‍ഹിയിലെ 30 ലക്ഷം ആളുകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയതിനു പിന്നില്‍ ബി.ജെ.പി ; അരവിന്ദ് കെജരിവാള്‍

സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കറെ. നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി സിനിമയില്‍ വേഷമിടുന്നത്. ചിത്രത്തില്‍ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തുന്നത് അമൃത റാവോ ആണ്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. കലാപത്തിന്റെ അന്തരീക്ഷത്തോടെയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ആരംഭിക്കുന്നത്.” മുംബൈ നഗരത്തെ അനുനയിപ്പിക്കാന്‍ ഈ സമയത്ത് ഒരാള്‍ക്കു മാത്രമേ കഴിയൂ” എന്ന മുഖവുരയോടെ താക്കറെയുടെ സത്വസിദ്ധമായ പ്രസംഗങ്ങളൊന്നിലേക്ക് ട്രെയിലര്‍ നീങ്ങുന്നു.

ജനുവരി 25ന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവ സേന നേതാവും പത്രപ്രവര്‍ത്തകനുമായ സഞ്ജയ് റാവുത്ത് ആണ്. വിയാകോം 18 മോഷന്‍ പിക്ചേര്‍സ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more