റിവ്യൂ ബോംബിങ്ങിന്റെ ഇടയില്‍ അഭിനേതാക്കളെ കളിയാക്കുന്നത് കുറക്കണമെന്നും വ്യക്തിഹത്യ ചെയ്യരുതെന്നും നടനും തിരക്കഥാകൃത്തുമായ സിദ്ധാര്‍ഥ് ഭരതന്‍. വ്യക്തിഹത്യ ചെയ്യുന്നത് അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുമെന്നും താരം പറയുന്നു.
എന്നാല്‍ ഒരു സിനിമ മോശമാണെങ്കില്‍ മോശമാണെന്ന് പറയാമെന്നും, അത് അവരുടെ അടുത്ത വര്‍ക്കിനെ നന്നാക്കാനായി സഹായിക്കുമെന്നും താരം പറയുന്നുണ്ട്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ഥ് ഭരതന്‍.
‘റിവ്യൂസ് പറയുന്നത് ഒരു മോശം കാര്യമല്ല. സിനിമകള്‍ക്ക് റിവ്യൂസ് പറയുക തന്നെവേണം. ക്രിയാത്മകമായ വിമര്‍ശനം ഒരോ ആര്‍ട്ടിസ്റ്റുകള്‍ക്കും ആവശ്യമാണ്. അങ്ങനെയാണ് നമ്മള്‍ സിനിമയില്‍ നന്നായി വരിക.
റിവ്യൂ ബോംബിങ്ങിനെ കുറിച്ച് പറയുമ്പോള്‍, ഒരു സിനിമ മോശമാണെങ്കില്‍ റിവ്യൂസില്ലെങ്കില്‍ പോലും ആ സിനിമ പരാജയപ്പെടും. മുമ്പും ഒരുപാട് സിനിമകള്‍ അങ്ങനെ പരാജയപ്പെട്ടിട്ടുണ്ട്.
ജിന്ന് സിനിമയിറങ്ങുന്നതിന് മുമ്പ് റിവ്യൂസ് വന്നിട്ടുണ്ടായിരുന്നു. അതെങ്ങനെയാണെന്ന് അറിയില്ല. പിന്നെ ഒരോ സിനിമക്കും ഓരോ വിധിയുണ്ട്. ഈ പറഞ്ഞത് പോലെ, മോശമാണെങ്കില്‍ തീര്‍ച്ചയായും സിനിമ പരാജയമാകും. ജിന്ന് സിനിമ മോശമാണെന്നല്ല ഞാന്‍ പറഞ്ഞത്.
ആ സിനിമയുടെ വിധി കുറച്ച് ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഒരു കുഞ്ഞ് പിറന്നു, എന്നാലത് ചാപിള്ളയായി പോയെന്ന് പറഞ്ഞത് പോലെയാണ്. സത്യത്തില്‍ ജിന്നിനെ പറ്റി ഇങ്ങനെ ഒരു ഏരിയയില്‍ ഡിസ്‌ക്കസ് ചെയ്യേണ്ട കാര്യമില്ല.
റിവ്യൂ ബോംബിങ്ങിന്റെ കാര്യത്തില്‍ എനിക്കാകെ പറയാനുള്ള ഒരു കാര്യം, കളിയാക്കലുകള്‍ കുറക്കണമെന്നതാണ്. വ്യക്തിഹത്യ ചെയ്യുന്നത് കുറച്ച് കുറക്കാം. കാരണം ഇത് കേള്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ ആത്മവിശ്വാസത്തെയാണ് ഇല്ലാതാകുന്നത്.
അവര്‍ പുറത്തേക്കിറങ്ങാന്‍ പോലും മടിക്കുന്ന ഒരു സാഹചര്യമുണ്ടാകുന്നുണ്ട്. ഇത് ആരൊക്കെ കാണുന്നുണ്ടെന്നും ചിരിക്കുന്നുണ്ടാകുമെന്നും അവര്‍ ചിന്തിക്കും. നാളെ ഒരു ആള്‍ക്കൂട്ടത്തെ അവര്‍ക്ക് ഫേസ് ചെയ്യേണ്ടി വരും. അപ്പോള്‍ അവര്‍ക്ക് മുമ്പുള്ള ആത്മവിശ്വാസമുണ്ടാവില്ല.
അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റുകളുടെ ആത്മവിശ്വാസത്തെ കളയാതിരിക്കുന്നതാണ് നല്ലത്. എങ്കില്‍ മാത്രമാണ് അവര്‍ക്ക് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ ഒരു സിനിമ മോശമാണെങ്കില്‍ മോശമാണെന്ന് പറയാം. അതൊരിക്കലും അവരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല. അതേസമയം അവരുടെ അടുത്ത വര്‍ക്കിനെ നന്നാക്കാനായി സഹായിക്കും. ഇതാണ് റിവ്യൂ പ്രശ്‌നത്തില്‍ എന്റെ അഭിപ്രായം,’ സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു.
Content Highlight: Actor Sidharth Bharathan Talks About Movie Reviews