| Thursday, 26th October 2023, 1:16 pm

തമിഴിൽ ഒരു അധികാര ശ്രേണിയുണ്ട്, ഇതൊന്നും അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ല : സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടനാണ് സിദ്ദിഖ്. ഏതുതരം വേഷങ്ങളും തന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് അദ്ദേഹം. ഒരിക്കൽ മദ്രാസിലുള്ള നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സിദ്ദിഖ്.

‘അവിടെയൊരു അധികാര ശ്രേണിയുണ്ട്. അവരെ സംബന്ധിച്ച് ഇങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും കഴിയില്ല,’ സിദ്ദിഖ് പറയുന്നു.
കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ കൂടെയും ലാലേട്ടന്റെ കൂടെയും ഞാൻ റൂം ഷെയർ ചെയ്തിട്ടൊക്കെയുണ്ട്. ഷൂട്ടിങ് സമയത്തെല്ലാം മമ്മൂക്കയുടെ ക്യാരവനിൽ ചെന്നാൽ മമ്മൂക്കയുടെ കട്ടിലിലെല്ലാം ഞാൻ കിടക്കാറുണ്ട്. മമ്മൂക്കയുടെ വീട്ടിൽ ചെന്ന് ഒരിക്കൽ ഞാൻ താമസിച്ചിട്ടുണ്ട്. അവരൊക്കെ നമുക്ക് അത്രയും സ്വാതന്ത്ര്യം തരുന്നതുകൊണ്ടാണത്.

ഞാൻ ഒരിക്കൽ മദ്രാസിലുള്ള മമ്മൂക്കയുടെ വീട്ടിൽ ചെന്ന് മൂന്നുദിവസം താമസിച്ചിട്ടുണ്ട്. അന്ന് ഷൂട്ടിങ് നടക്കുന്ന മമ്മൂക്കയുടെ ചിത്രത്തിന്റെ ലൊക്കേഷനിലേക്കെല്ലാം ഞാനും പോകുമായിരുന്നു. ഒരു ദിവസം അവിടെ വെച്ച് ഒരു തമിഴ് നടനെ കണ്ടപ്പോൾ അയാൾ എന്നോട് ചോദിച്ചു,സാർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോയെന്ന്. ഞാൻ മമ്മൂക്കയുടെ വീട്ടിൽ വെറുതെ താമസിക്കാൻ വേണ്ടി വന്നതാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ടപ്പോൾ അൽഭുതത്തോടെ അയാൾ ചോദിച്ചു മമ്മൂക്കയുടെ വീട്ടിൽ വെറുതെ വന്നു നിൽക്കാൻ പറ്റുമോ? ഞാൻ അതെയെന്ന് പറഞ്ഞു.

അയാൾ വീണ്ടും ചോദിച്ചു, അവിടുന്ന് ഭക്ഷണം കഴിച്ച് നിങ്ങൾ അവിടെ ത്തന്നെ താമസിക്കുകയണോ. വേറെ പണിയൊന്നുമില്ലേയെന്ന്. ഞാൻ പറഞ്ഞു പ്രത്യേകിച്ച് വേറെ പണിയൊന്നുമില്ല അവിടെ താമസിച്ച് മമ്മൂക്കയോട് സംസാരിച്ച് ഇങ്ങനെ ഇരിക്കുന്നു.
അതുകേട്ടപ്പോൾ അയാൾ കൗതുകത്തോടെ പറഞ്ഞു, സാർ ഇത് മലയാളത്തിൽ മാത്രമേ പറ്റുകയുള്ളൂ ഇവിടെയൊന്നും ഇങ്ങനെയല്ലായെന്ന്.

അവിടെയൊരു അധികാര ശ്രേണിയുണ്ട്. അവരെ സംബന്ധിച്ച് ഇങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും കഴിയില്ല. മമ്മൂക്കയെപ്പോലെ ഒരു സൂപ്പർസ്റ്റാറിന്റെ വീട്ടിൽ ചെന്ന് എന്നെ പോലൊരു സാധാരണ നടൻ താമസിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊന്നും അവിടെയുള്ളവർക്ക് ആലോചിക്കാൻ പോലും കഴിയില്ല,’സിദ്ദിഖ് പറയുന്നു.

Content Highlight: Actor Siddique Talk About Thamizh Film Industry  And Mammootty

We use cookies to give you the best possible experience. Learn more