| Friday, 20th January 2023, 8:25 pm

അഭിനയം കണ്ട് കലക്കനായി എന്നൊന്നും മമ്മൂക്ക പറയാറില്ല, എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുമ്പോള്‍ കിട്ടുന്ന അഭിനന്ദനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. മമ്മൂട്ടി അധികം അഭിന്ദന വാക്കുകള്‍ പറയാറില്ലെന്നും എന്നാല്‍ തന്റെ സിനിമകള്‍ കണ്ട് മോഹന്‍ലാല്‍ വിളിച്ചിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള അനുഭവം പങ്കുവെച്ചത്.

‘ഇവരില്‍ നിന്നൊക്കെ കിട്ടുന്ന അഭിനന്ദനം ചിലപ്പോള്‍ വളരെ ചെറുതായിരിക്കും. മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന സമയത്ത് നീ കലക്കനായി എന്നൊന്നും പറയില്ല. ഏറ്റവും വലിയ അഭിനന്ദനമൊക്കെയായി കിട്ടുന്നത് കൊള്ളാല്ലോ നീ എന്നൊക്കെ പറയുന്നതാണ്. അത്രയൊക്കെ ഉണ്ടാവുകയുള്ളൂ. പക്ഷേ അതൊക്കെ വലിയ നിധിയാണ്. മോഹന്‍ലാല്‍ പിന്നെയും സിനിമ കണ്ടിട്ട് എന്നെ വിളിക്കാറുണ്ട്. സിദ്ദീഖ് നന്നായിട്ടുണ്ട് കേട്ടോ എന്ന് പറയും. പിന്നെ ഞാന്‍ അന്ന് ഉറങ്ങില്ല. അതൊക്കെ വലിയ കാര്യമാണ്.

കുഞ്ഞാലി മരക്കാര്‍ ഡബ് കഴിഞ്ഞ് മോഹന്‍ലാല്‍ എന്നോട് വിളിച്ച് അണ്ണാ ഞാന്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ പോലെ ലോകം അംഗീകരിച്ച കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്ന ഒരാള്‍ എന്നോട് ചോദിക്കുകയാണ് അദ്ദേഹം എങ്ങനെയുണ്ടായിരുന്നുവെന്ന്. നമുക്കാണ് പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇവര്‍ സൂപ്പര്‍ താരങ്ങളാണെന്ന് തോന്നുന്നത്. അവര്‍ക്ക് അങ്ങനെ ഒന്നുമില്ല,’ സിദ്ദീഖ് പറഞ്ഞു.

പൃഥിരാജിനൊപ്പം ആദ്യമായി അഭിനയിച്ച അനുഭവവും സിദ്ദീഖ് പങ്കുവെച്ചു. ‘പൃഥ്വി അഭിനയിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് ഒരു സ്പാര്‍ക്ക് തോന്നിയത്. രഞ്ജിത്തിന് അതുപോലും വേണ്ടി വന്നില്ല. സുകുമാരന്‍ ചേട്ടന്റെ രണ്ടാമത്തെ മകനെ നമുക്കൊന്ന് അഭിനയിപ്പിക്കാമെന്ന് രഞ്ജിത്ത് വിളിച്ച് പറഞ്ഞു. പിന്നെ ഞാന്‍ മല്ലിക ചേച്ചിയെ വിളിച്ചു. രാവിലെ കോളിങ് ബെല്‍ അടിച്ചു, രഞ്ജിത്ത് വാതില്‍ തുറക്കുമ്പോള്‍ ‘ചേട്ടാ ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ്’ എന്ന് പറഞ്ഞ് പൃഥ്വി നില്‍ക്കുകയാണ്. അപ്പോള്‍ തന്നെ സെലക്ട് ചെയ്തു. വേറെ ഒഡിഷനുമില്ല, ഡയലോഗും പറയിപ്പിച്ചിട്ടില്ല, ഒന്നും ചെയ്തിട്ടില്ല.

ഫസ്റ്റ് ലുക്കില്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഒരാളെ സെലക്ട് ചെയ്യണമെങ്കില്‍ എന്തോ സ്പാര്‍ക്കുണ്ടെന്ന് തോന്നിക്കാണും. പിന്നീട് നന്ദനത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ പറയുന്ന സീന്‍സ് പൃഥ്വി നന്നായി ചെയ്തു. അവിടെ വേറെ യാതൊരു പ്രോബ്ലവും ഇല്ല. ഒരു പുതുമുഖത്തിന്റെ പതര്‍ച്ചയൊന്നുമില്ല. പൃഥ്വിയുടെ വളര്‍ച്ച അണ്‍ബിലീവബിളാണ്,’ സിദ്ദീഖ് പറഞ്ഞു.

Content Highlight: Actor Siddique Shares The Differences Between The Appreciations He Gets While Acting With Mammootty And Mohanlal

Latest Stories

We use cookies to give you the best possible experience. Learn more