തിരുവനന്തപുരം; ആലുവയില്‍ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് നടന്‍ സിദ്ദീഖ്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ക്ലൈമാക്‌സ് സീന്‍ പങ്കുവെച്ചാണ് നടന്റെ പ്രതിഷേധം. ചിത്രത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ ആക്രമിക്കുമ്പോള്‍ നടന്‍ പറയുന്ന ഡയലോഗ് സീനാണിത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സിദ്ദീഖ് എത്തുന്നത്.
‘അവന്മാര്‍ എന്തെങ്കിലും ചെയ്യട്ടെടോ, നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റക്കയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’ എന്ന ഡയലോഗ് സിദ്ദിഖ് പറയുന്ന ഭാഗമാണ് നടന്‍ പങ്കെവെച്ചത്.
അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനം നടക്കുകയാണിപ്പോള്‍. അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തികൊണ്ടിരിക്കുകയാണ്. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി അസ്ഫാക് ആലം കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ കയറ് മുറുക്കിയ പാടും, ശരീരത്തിലാകമാനം മുറിവുകളുമുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു പ്രതി അഫ്‌സാക്ക് ആലം പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയുമായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആലുവ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗം ഒടിച്ച് ചാക്കിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Content Highlight: Actor siddique share the video scene of amar akbar antony