|

ഞാന്‍ നോക്കുമ്പോള്‍ മോഹന്‍ലാലിന്റെ കട്ടിലിനടിയില്‍ ഒരനക്കം, ചോദിച്ചപ്പോള്‍ അപ്പുവാണെന്ന് പറഞ്ഞു, ഭയങ്കര ദുരൂഹതയാണ് അവന്റെ കാര്യത്തില്‍: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു 21ാം നൂറ്റാണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ അച്ഛനായി വേഷമിട്ടത് നടന്‍ സിദ്ദിഖായിരുന്നു. അതിന് ശേഷം പ്രണവ് ശക്തമായി തിരിച്ചെത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തില്‍ പട്ടുമരക്കാര്‍ എന്ന കഥാപാത്രമായി പ്രണവിനൊപ്പം ഒരു മുഴുനീള വേഷത്തില്‍ സിദ്ദിഖ് എത്തിയിരുന്നു. പ്രണവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് സിദ്ദിഖ്.

ഭയങ്കര ദുരൂഹതയാണ് അവന് എന്നായിരുന്നു പ്രണവിനെ കുറിച്ചുള്ള സിദ്ദിഖിന്റെ കമന്റ്. ഒപ്പം പ്രണവുമൊത്തുള്ള രസകരമായ ഒരു അനുഭവവും സിദ്ദിഖ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

പ്രണവ് യഥാര്‍ത്ഥത്തില്‍ എന്താണെന്നേ നമുക്ക് മനസിലാക്കാന്‍ പറ്റില്ല. അവനൊപ്പം ആദ്യം അഭിനയിക്കുന്ന സമയത്താണെങ്കിലും കുഞ്ഞാലിമരക്കാറില്‍ അഭിനയിക്കുന്ന സമയത്താണെങ്കിലുമൊക്കെ അങ്ങനെ തന്നെയാണ്. നമ്മള്‍ ചോദിക്കുന്നതിന് മറുപടിയൊക്കെ പറയും. നമ്മളോട് പല ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ ഒരുപാട് സംസാരിക്കില്ല, ഒരുപാട് ഭക്ഷണം കഴിക്കില്ല ഒന്നും ഒരുപാട് ചെയ്യില്ല. എല്ലാം വളരെ നോര്‍മലായി ചെയ്യുന്ന ആളാണ്.

പ്രണവിനെ വളരെ ചെറുപ്പത്തിലെപ്പോഴോ കണ്ടതായിരുന്നു. പിന്നെ പ്രണവുമായുള്ള എന്റെ ഒരു ഓര്‍മ എന്ന് പറയുന്നത്, ഒരിക്കല്‍ ഞാനും മോഹന്‍ലാലും പെരിങ്ങോട് ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയിരുന്നു. ഞാന്‍ ചികിത്സിക്കാന്‍ പോയതല്ല, മോഹന്‍ലാല്‍ പോകുന്നതുകൊണ്ട് ഒരു കൂട്ടായി പോയതായിരുന്നു.

കാരണം ആ ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്ന പടമായിരുന്നു മിസ്റ്റര്‍ ഫോര്‍ഡ്. എനിക്കും ആ സിനിമ തന്നെയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ മോഹന്‍ലാല്‍ എന്റെ അടുത്ത് പറഞ്ഞു, ഞാനിങ്ങനെ പോകുന്നുണ്ട് വരുന്നോ എന്ന്. വരാമെന്ന് പറഞ്ഞ് ഞാനും പോയി. ഞങ്ങള്‍ രണ്ട് റൂമിലാണ്. മോഹന്‍ലാല്‍ മുകളിലും ഞാന്‍ താഴെയും.

അവിടെ ചികിത്സ കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ഉറങ്ങാന്‍ പാടില്ല. അതുകൊണ്ട് ഞാന്‍ മോഹന്‍ലാലിന്റെ മുറിയിലേക്ക് പോകും. അങ്ങനെ ഒരു ദിവസം ഞാന്‍ ലാലിന്റെ മുറിയിലെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടിലിന്റെ അടിയില്‍ എന്തോ അനങ്ങുന്നതുപോലെ തോന്നി. ഞാന്‍ രണ്ട് പ്രാവശ്യം നോക്കുന്നത് കണ്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, അത് അപ്പുവാണെന്ന്.

ഞാന്‍ നോക്കുമ്പോള്‍ ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി. അവിടുത്തെ കട്ടില്‍ തന്നെ മോശമാണ്. മോഹന്‍ലാലിന് പോയിട്ട് എനിക്ക് പോലും കിടക്കാന്‍ പറ്റുന്ന അവസ്ഥയിലുള്ളതല്ല. സാധാരണ ഒരു കട്ടിലും ബെഡുമാണ്. അപ്പോള്‍ അതിന്റെ താഴെയാണ് അവന്‍ കിടന്നുറങ്ങുന്നത്. ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍, താഴെയാണ് നല്ല തണുപ്പ് എന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഭയങ്കര ദുരൂഹത പിടിച്ച ആളാണ്. ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല, സിദ്ദിഖ് പറഞ്ഞു.

ദുല്‍ഖറുമൊത്തുള്ള തന്റെ അടുപ്പത്തെ കുറിച്ചും സിദ്ദിഖ് അഭിമുഖത്തില്‍ സംസാരിച്ചു. ‘മമ്മൂക്ക ചാലുവിനോട് എന്നെ കുറിച്ച് പറയാറുള്ളത് ഇതാ നിന്റെ സ്‌ക്രീന്‍ ഫാദര്‍ വരുന്നു എന്നാണ്. ഒന്ന് റിയല്‍ ഫാദറും ഒന്ന് സ്‌ക്രീന്‍ ഫാദറും. ഞങ്ങള്‍ അങ്ങനെയാണ്.

കാരണം സി.ഐ.എയില്‍ അപ്പനാണ്. ഉസ്താദ് ഹോട്ടലില്‍ വാപ്പയാണ്. അതുകൊണ്ട് തന്നെ ഒരു ഫാദര്‍-സണ്‍ റിലേഷനുണ്ട്. എപ്പോള്‍ കണ്ടാലും വലിയ അടുപ്പവും സ്‌നേഹവുമാണ്. ചാലുവിനെയൊക്കെ ആദ്യം കാണുമ്പോള്‍ അവരൊന്നും ഇത്രയും വലിയ സിനിമാ നടനാകുമെന്നോ സൂപ്പര്‍സ്റ്റാര്‍ ആകുമെന്നോ ഒന്നും വിചാരിച്ചിരുന്നില്ല. നമ്മുടെ മുന്‍പില്‍ പിള്ളേര്‍ ഇങ്ങനെ വളര്‍ന്നു വളര്‍ന്നു വരുമ്പോള്‍ അത് താഴെ നിന്ന് നോക്കിക്കാണുന്നത് വലിയ സന്തോഷമാണ്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddique Share an experiance with Pranav Mohanlal