| Wednesday, 30th March 2022, 4:15 pm

അയാളുടെ അടുത്തിരിക്കാന്‍ ഇഷ്ടമല്ലെന്ന് രജിഷ പറഞ്ഞു, അതിനൊരു കാരണമുണ്ടായിരുന്നു, എനിക്ക് അതൊരു പാഠമായിരുന്നു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പമെല്ലാം സ്‌ക്രീന്‍ ഷെയര്‍ ചെയ്ത നടനാണ് സിദ്ദിഖ്. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ടൊവിനോ, നിവിന്‍പോളി, സണ്ണി വെയ്ന്‍, രജിഷ വിജയന്‍, മംമ്ത മോഹന്‍ദാസ്, പാര്‍വതി, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പമുള്ള ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദിഖ്. പൃഥ്വിയെ കുറിച്ചും വിനീതിനെ കുറിച്ചും ഫഹദിനെ കുറിച്ചും രജിഷാ വിജയനെ കുറിച്ചുമെല്ലാം സിദ്ദിഖ് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ രജിഷ വിജയനോട് തനിക്ക് ബഹുമാനം തോന്നിയ സന്ദര്‍ഭത്തെ കുറിച്ച് പറയുകയാണ് സിദ്ദിഖ്.

‘രജിഷയുടെ കൂടെ ഞാന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു.

എന്താണെന്ന് ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത് അയാള്‍ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു. അത് എനിക്ക് വലിയൊരു പാഠമായിട്ട് തോന്നി.

നമ്മള്‍ മറ്റൊരാളെ പറ്റി കുറ്റം പറയുന്നത് ഒരാള്‍ എന്‍ജോയ് ചെയ്യുന്നില്ല എന്ന തിരിച്ചറിവ്. ചിലപ്പോള്‍ നമ്മള്‍ അറിയാതെയെങ്കിലും മറ്റൊരാളുടെ കുറ്റം പറഞ്ഞുപോകും. കുറ്റം പറയുന്നതുപോലും നമ്മള്‍ അയാളേക്കാള്‍ നല്ലതാണെന്ന് കാണിക്കാന്‍ വേണ്ടിയോ ഞാന്‍ അയാളെക്കാള്‍ കേമനാണെന്ന് വരുത്താന്‍ വേണ്ടിയിട്ടോ ഒക്കെ ആയിരിക്കും.

രജിഷയില്‍ നിന്നും എനിക്ക് കിട്ടിയ ഒരു പാഠമായിരുന്നു അത്. കേട്ടിരിക്കുന്നവര്‍ അത് രസിക്കുന്നുണ്ടെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും അവര്‍ക്കത് രസിക്കുന്നില്ല. മാത്രമല്ല, അറ്റ്‌ലീസ്റ്റ് രജിഷ വിജയനെങ്കിലും അത് രസിക്കുന്നില്ലല്ലോ. മറ്റൊരാളെപ്പറ്റി കുറ്റം പറയുന്നത് ആ കുട്ടിക്ക് ഇഷ്ടമാകുന്നില്ല. വളരെ നല്ലൊരു ക്വാളിറ്റിയായി എനിക്കത് തോന്നി, സിദ്ദിഖ് പറഞ്ഞു.

നടന്‍ ആസിഫ് അലി തനിക്ക് മകനെപ്പോലെയാണെന്നും ആസിഫ് അഭിനയിക്കുന്നത് കണ്ട് പഠിക്കെന്ന് ഞാന്‍ എന്റെ മകനോട് പറഞ്ഞിട്ടുണ്ടെന്നും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. ‘എന്തൊരു ക്വാഷലായിട്ടാണ് ആസിഫ് അഭിനയിക്കുന്നത്. ഞാനൊക്കെ ഭയങ്കര പേടിച്ചായിരുന്നു അഭിനയിച്ചത്. പിന്നീട് ഞാന്‍ അഭിനയിക്കുന്ന കഥാപാത്രം നന്നാകുന്നുണ്ടോ എന്നോര്‍ത്ത് പേടിയായിരുന്നു. അന്നും ഇന്നും പേടിയായിരുന്നു. എന്നാല്‍ ഇവരൊക്കെ വളരെ കാഷ്വല്‍ ആയി അഭിനയിക്കുന്നത് കാണുമ്പോള്‍ ഒരുപാട് കൊതി തോന്നാറുണ്ട്,’ സിദ്ദിഖ് പറഞ്ഞു.

നടന്‍ പൃഥ്വിരാജിനെ കുറിച്ചും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. ആദ്യസിനിമയായ നന്ദനം മുതല്‍ പൃഥ്വിയെ അറിയാം. ഒന്നും അറിയാത്ത ഒരു സിനിമ വിദ്യാര്‍ത്ഥിയെ പോലെ സിനിമ സെറ്റില്‍ വന്നതു തൊട്ടുള്ള പൃഥ്വിയുടെ ഓരോ വളര്‍ച്ചയും നോക്കിക്കണ്ടിട്ടുണ്ട്. സിനിമയോട് ഭയങ്കര പാഷനുള്ള ആളാണ്. വളരെയധികം ഇന്റലിജന്റാണ്. സിനിമയുടെ എ ടു സെഡ് കാര്യങ്ങള്‍ എത്രയോ നേരത്തെ മനസിലാക്കിക്കഴിഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.

അതുപോലെ ഫഹദിന്റെ തുടക്കകാലത്താണ് ഞാന്‍ അവനൊപ്പം അഭിനയിച്ചത്. ഹീറോ ആയി വന്ന ശേഷം ഫഹദിനൊപ്പം അഭിനയിക്കാന്‍ പറ്റിയിട്ടില്ല. ഭയങ്കര ജീനിയസ് ആക്ടറാണ്. എന്തെല്ലാം രീതിയിലുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ഇത്ര ചെറുപ്പത്തിലേ ഒരു കഥാപാത്രത്തെ കുറിച്ച് ഇത്രയും മനസിലാക്കുകയും കഥാപാത്രത്തെ കുറിച്ച് ഇത്രയും ആഴത്തില്‍ ചിന്തിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോഴും വലിയ അസൂയ തോന്നാറുണ്ട്, സിദ്ദിഖ് പറഞ്ഞു.

നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ചും സിദ്ദിഖ് അഭിമുഖത്തില്‍ സംസാരിച്ചു. മിടുക്കിയാണ് ഐശ്വര്യ. സ്‌ക്രീനില്‍ കാണുന്ന ഐശ്വര്യയേ അല്ല യഥാര്‍ത്ഥത്തില്‍ അവള്‍. ലൊക്കേഷനില്‍ വന്നാല്‍ അവള്‍ അങ്ങനെ ഒരു സിനിമ നടിയോ ഒന്നും അല്ല. അവിടെ നിന്ന് പാട്ടുപാടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന ഒരാള്‍. എന്നാല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ പെട്ടെന്ന് തന്നെ വേറൊരു ആളായി മാറും. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 24 മണിക്കൂറും അഭിനയിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഓഫ് സ്‌ക്രീന്‍ ഒരു ആക്ടിങ്ങും ഇല്ല. വളരെ ഇന്നസെന്റ് ആണ്, സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddique share an experiance with Actress Rajisha Vijayan

Latest Stories

We use cookies to give you the best possible experience. Learn more