മഹാവീര്യറുടെ കഥയില്‍ ഞാന്‍ പെട്ടെന്ന് ഹുക്ക്ഡ് ആയി, എം. മുകുന്ദന്റെ ചെറിയൊരു കഥയില്‍ നിന്നും ഈ തിരക്കഥയുണ്ടാക്കിയത് എബ്രിഡ് ഷൈനിന്റെ മിടുക്ക്: സിദ്ധിഖ്
സിദ്ധിഖ് അഭിനയിച്ച മഹാവീര്യര്‍ തിയേറ്ററില്‍ വിജയകരമായി തുടരുകയാണ്. ജഡ്ജിയുടെ വേഷത്തിലാണ് അദ്ദേഹം ഈ സിനിമയിലെത്തിയത്. സിദ്ദിഖിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
മഹാവീര്യറില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ്. മഹാവീര്യറുടെ കഥയില്‍ താന്‍ പെട്ടെന്ന് ഹുക്ക്ഡ് ആയെന്നും എം. മുകുന്ദന്റെ ഇത്രയും ചെറിയ കഥയില്‍ നിന്നും വലിയൊരു തിരക്കഥയുണ്ടാക്കി എടുക്കുക എന്നത് എബ്രിഡ് ഷൈനിന്റെ മിടുക്കാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘എബ്രിഡ് ഷൈന്‍ ആണ് എന്നെ മഹാവീര്യറിലേക്ക് തെരഞ്ഞെടുക്കുന്നത്. ഒരുപാട് കാലമായി എനിക്ക് അറിയുന്ന ആളാണ് എബ്രിഡ് ഷൈന്‍. അദ്ദേഹം എന്റെ വീട്ടില്‍ വരികയും ഞങ്ങള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. പഴയ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നല്ല താല്പര്യമുള്ള ആളാണ് ഷൈന്‍. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ഒരുപാട് ചിരിക്കുകയും ചെയ്യും.
ഒരിക്കല്‍ എന്നോട് എം. മുകുന്ദന്റെ ഒരു കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. മഹാവീര്യറിന്റെ കണ്ടന്റ് പറയുന്നത് അപ്പോഴാണ്. എനിക്ക് അപ്പോള്‍ തന്നെ അത് ഇഷ്ടമായി. നമ്മള്‍ ഒരിക്കലും കേട്ടിട്ടില്ലാത്തത ഒരു കഥ കേള്‍ക്കുമ്പോഴും ചെയ്യാത്ത രീതിയിലുള്ള സിനിമകളെ കുറിച്ച് അറിയുമ്പോഴുമൊക്കെയാണ് ഒരു ഹുക്ക് വീഴുന്നത്.
എന്നെ ആരെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് പൊലീസ് ഓഫീസറുടെ വേഷമാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിചാരിക്കാറുള്ളത്, ഇതിനുമുമ്പും ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ എന്നാണ്. കഥ പറയുന്നവര്‍ എന്നോട് ഇക്ക ഇതുവരെ ചെയ്യാത്ത സിനിയമയാണെന്നൊക്കെ പറയാറുണ്ട്. എന്നാലും ഞാന്‍ തന്നെയാണ് ചെയ്യുന്നതെന്ന പരിമിതിയുണ്ടല്ലോ.
മഹാവീര്യറില്‍ ഞാന്‍ ജഡ്ജിയാണ്. ഇതിനുമുമ്പെ ഞാന്‍ ജഡ്ജിയായി അഭിനയിച്ചിട്ടില്ല. കഥകേട്ടപ്പോള്‍ ഈ കഥാപാത്രത്തിന് ഇത്ര പ്രാധാന്യമുണ്ടെന്നൊന്നും തോന്നിയിട്ടില്ല. പക്ഷെ കഥ പെട്ടെന്ന് ഹുക്ക്ഡ് ആയി. ഞാന്‍ കുറെ ചിരിക്കുകയൊക്കെ ചെയ്തു. എന്റെ കഥാപാത്രത്തിനേക്കാള്‍ കഥ എനിക്ക് നല്ല ഇഷ്ടമായി.
എക്‌സ്പിരിമെന്റല്‍ സിനിമയല്ലെന്നൊക്കെ പറഞ്ഞാലും ഇതില്‍ എന്തൊക്കെയോ പ്രത്യേകതയുണ്ട്. ഇവിടുത്തെ നിയമവ്യവസ്ഥക്ക് എതിരെ സംസാരിക്കുന്ന ഒരു സിനിമയാണത്. എം. മുകുന്ദന്റെ ഇത്രയും ചെറിയ കഥയില്‍ നിന്നും വലിയൊരു തിരക്കഥയുണ്ടാക്കി എടുക്കുക എന്നത് എബ്രിഡ് ഷൈനിന്റെ മിടുക്ക് തന്നെയാണ്.
സിനിമയിലഭിനയിക്കാന്‍ പോകുന്നതിന് മുന്‍പ് തന്നെ അതിന്റെ തിരക്കഥയില്‍ ഞാന്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. ജഡ്ജിയുടെ ആ കഥാപാത്രത്തിന് വേണ്ടി എന്റെ മുടിയൊക്കെ കളഞ്ഞു. കഷണ്ടി കൂട്ടി. മീശയൊക്കെ എടുത്ത് കളഞ്ഞു. ഒരു പ്രത്യേക ലുക്കിലാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്. വളരെ ആഗ്രഹത്തോടെയും സന്തോഷത്തോടെയും ചെയ്ത സിനിമയാണ് മഹാവീര്യര്‍.
ഞാന്‍ മുപ്പത് ദിവസത്തോളം ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്,. രണ്ട് ദിവസത്തോളം ഡബ്ബ് ചെയ്തിട്ടുണ്ട്. വളരെ പ്രാധ്യാനത്തോടെയാണ് എബ്രിഡ് ഷൈന്‍ എന്നെ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്,’ സിദ്ധിഖ് പറഞ്ഞു.
Content Highlight: Actor Siddique says that he was immediately hooked on Mahaveeryar movie story