| Tuesday, 23rd May 2023, 11:47 am

ആരെയും അഭിനയിക്കാന്‍ കിട്ടിയില്ലെങ്കില്‍ എന്നെ വിളിക്കുമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരെയും അഭിനയിക്കാന്‍ കിട്ടിയില്ലെങ്കില്‍ തന്നെ വിളിക്കുമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നുവെന്ന് നടന്‍ സിദ്ദിഖ്. സത്യന്‍ അന്തിക്കാടിന്റെ പടത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരുപാട് അഭിനേതാക്കള്‍ ഇന്നുമുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘മനസ്സിനക്കരെ’ യുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് സത്യന്‍ അന്തിക്കാട് എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ ഷീലാമ്മയോട്(നടി ഷീല) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ ചില റോളുകള്‍ക്ക് ആരേയും അഭിനയിക്കാന്‍ കിട്ടിയില്ലെങ്കില്‍ എന്നെ വിളിക്കാറുണ്ടെന്നും ഏത് റോളും എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതുകൊണ്ടാണതെന്നും കൂടി പറഞ്ഞിരുന്നു.

സത്യത്തില്‍ അതൊക്കെ വലിയ അംഗീകാരം തന്നെയല്ലേ. ആരുടെയൊക്കെയടുത്തു നിന്നാണ് നമുക്കിതൊക്കെ കിട്ടുന്നത്. അതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ സന്തോഷം തോന്നും. സത്യേട്ടന്റെ പടത്തില്‍ അഭിനയിക്കാന്‍ കൊതിക്കുന്ന ഒരുപാട് അഭിനേതാക്കള്‍ ഇന്നുമുണ്ട്. പലരും എന്നോടത് പേഴ്‌സണലായി പറഞ്ഞിട്ടുണ്ട്. സത്യേട്ടന്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ മറിച്ചൊന്നും ചിന്തിക്കാറില്ല.

സന്ദേശവും ഗോഡ്ഫാദറും ഒരുമിച്ചഭിനയിച്ചതാണ്. രണ്ട് സിനിമയുടെയും ഷൂട്ടിങ് നടന്നത് കോഴിക്കോടായിരുന്നു. ഞാനും തിലകന്‍ ചേട്ടനും രണ്ട് സിനിമയിലുമുണ്ട്. സന്ദേശം പുലര്‍ച്ചെയായിരുന്നു ഷൂട്ടിങ്ങ്. രാവിലെ ഏഴ് മുതല്‍ പത്ത് വരെ. സത്യേട്ടനും സിദ്ദിഖ് ലാലും വേണ്ടവിധം സഹകരിച്ചിരുന്നു.

അതുകൊണ്ട് എനിക്ക് രണ്ട് മികച്ച കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞു. ഫസ്റ്റ് ടേക്കില്‍ അഭിനയിക്കുന്ന ഇംപാക്ടോടെ എനിക്ക് പിന്നീടുള്ള ടേക്കുകളില്‍ ചെയ്യാന്‍ സാധിക്കണമെന്നില്ല. ലേലത്തിലെ ഫ്‌ളാഷ് ബാക്ക് സീനിന്റെ ഫസ്റ്റ് ടേക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു ഒന്നുകൂടി എടുത്താലോയെന്ന്. സാര്‍ പറഞ്ഞു, പോടാ അത് റെഡിയാണെന്ന്’, നടന്‍ പറഞ്ഞു.

പ്രേക്ഷകരെല്ലാം ഇപ്പോള്‍ നല്ല നിരൂപകരും ക്രിയേറ്റേഴ്‌സുമാണെന്നും ജീവിതരീതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ സിനിമയിലും പ്രതിഫലിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

‘കഥാപാത്രങ്ങളൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ. ജീവിതത്തിലെവിടെയെങ്കിലും കണ്ടുമറന്ന, അല്ലെങ്കില്‍ നമുക്ക് പരിചയമുള്ള ആരെങ്കിലുമൊക്കെയായിരിക്കും കഥാപാത്രങ്ങള്‍. ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ സിനിമയിലും പ്രതിഫലിക്കും. നമ്മുടെ വസ്ത്രധാരണത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു.

സംസാര രീതിയില്‍ മാറ്റങ്ങള്‍ വന്നു. ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വന്നു. തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ സിനിമ നമ്മുടെ വീട്ടില്‍ ഇപ്പോള്‍ റിലീസ് ചെയ്യുന്നു. പ്രേക്ഷരെല്ലാം ഇപ്പോള്‍ നല്ല നിരൂപകരും ക്രിയേറ്റേഴ്‌സുമാണ്. എഡിറ്റിങ്ങിലും മേക്കപ്പിലും ക്യാമറയിലും മറ്റെല്ലാ ടെക്‌നിക്കല്‍ മേഖലയിലും അവരിപ്പോള്‍ ശ്രദ്ധിക്കുന്നു’, സിദ്ദിഖ് പറഞ്ഞു.

Content Highlights: Actor siddique about Sathyan Anthikkad

We use cookies to give you the best possible experience. Learn more