താനൊരു മികച്ച നടനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും അഭിനയത്തില്‍ ഞാനിന്നുമാരു സ്റ്റുഡന്റാണെന്നും നടന്‍ സിദ്ദീഖ്. തന്റെ അഭിനയത്തെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണെന്നും, സ്വയം വിലയിരുത്താന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും അദ്ദഹം പറഞ്ഞു.
കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. ഒരു മനുഷ്യനെന്നതിനപ്പുറം ആരാണ് സിദ്ദീഖ് എന്ന് ചോദിച്ചാല്‍, സ്വയം എങ്ങനെ വിലയിരുത്തുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘പുറത്തുള്ള ഒരാളാണ് അത് പറയേണ്ടത്. നമ്മള്‍ നമ്മളെ കുറിച്ച് പറഞ്ഞാല്‍ അത് ശരിയാകില്ലല്ലോ. പലരും സ്വയം പറയുന്നത് കേട്ടിട്ടുണ്ട്, ഞാന്‍ അറിഞ്ഞ് കൊണ്ട് ആരേയും വേദനിപ്പിച്ചിട്ടില്ല, അല്ലെങ്കില്‍ ആരെയും ദ്രോഹിച്ചിട്ടില്ല എന്നൊക്കെ. അതെങ്ങനെയാണ് പറയാന്‍ കഴിയുന്നത്? സത്യമെന്താണെന്ന് എതിരെ നില്‍ക്കുന്ന ആള്‍ക്കല്ലേ അറിയൂ. നമുക്കത് പറയാനുള്ള യോഗ്യതയില്ലെന്നാണ് ഞാന്‍ കരുതുന്നത്.
ഞാന്‍ എന്താണെന്ന് മറ്റു പലരില്‍ നിന്നും കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് എന്നെ പറ്റി വിലയിരുത്താന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ നല്ല മനുഷ്യനാണെന്നോ, നല്ല നടനാണെന്നോ, നല്ല ഭര്‍ത്താവാണെന്നോ, നല്ല സംഘാടകനാണെന്നോ പറയാന്‍ ഞാന്‍ ആളല്ല. ഒരിക്കലും ഞാനങ്ങനെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുമില്ല.
‘സിനിമയില്‍ ഞാനെന്നുമൊരു സ്റ്റുഡന്റാണ്. എനിക്ക് തോന്നുന്നു നിങ്ങളിതേ ചോദ്യം മലയാളത്തിലെ മറ്റേതൊരു താരത്തോട് ചോദിച്ചാലും അവരിത് തന്നെ പറയും. കാരണം നമ്മളിപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയല്ലേ. അടുത്ത സിനിമയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് നമുക്ക് മുന്‍കൂട്ടി പറയാന്‍ കഴിയില്ലല്ലോ,’ അദ്ദേഹം പറഞ്ഞു.
Content Highlight: Actor Siddique opinion about his acting skills