ന്യൂദല്‍ഹി: നടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ധിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഓണ്‍ലൈനായാണ് നടന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഈ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഇമെയില്‍ കൂടി സിദ്ധിഖിന്റെ അഭിഭാഷകര്‍ രജിസ്ട്രിക്ക് നല്‍കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ രഞ്ജിത റോത്തഗി ആണ് സിദ്ധിഖിനായി സുപ്രീം കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ വെള്ളിയാഴ്ച്ചയാവും കോടതി പരിഗണിക്കുയെന്നും റിപ്പോട്ടുകളുണ്ട്. സംഭവം നടന്ന് എട്ട് വര്‍ഷത്തിനുശേഷമാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നതെന്നും താന്‍ നിരന്തരം പൊതുസമൂഹവുമായി ഇടപെടുന്ന വ്യക്തിയാണെന്നും അതിനാല്‍ കസ്റ്റഡിയില്‍ എടുക്കാതെ തന്നെ താന്‍ അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ധിഖ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ തനിക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നും അതിനാല്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിദ്ധിഖ് ഹരജിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്ന് വ്യക്തമായതോടെ അതിജീവിതയും സംസ്ഥാനസര്‍ക്കാരും ഇന്ന് (ബുധനാഴ്ച്ച) കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിദ്ദിഖ് നല്‍കിയ ജാമ്യാപേഷ തള്ളിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖ് ജാമ്യാപേഷ നല്‍കിയത്.
സിദ്ദിഖിനെതിരായ പ്രധാനപ്പെട്ട തെളിവുകളും മൊഴികളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ മൊഴി. പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ താരസംഘടന അമ്മയുടെ ജനറല്‍. സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവനടി ആരോപിച്ചിരുന്നു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ആണെന്നും അയാള്‍ പറയുന്നതെല്ലാം നുണയാണെന്നും നടി പ്രതികരിച്ചിരുന്നു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടനെതിരെയുള്ള പീഡന പരാതി ഉയര്‍ന്നുവന്നത്. സിദ്ദിഖിന് പുറമേ നടന്മാരായ മുകേഷ്, ഇടവേള ബാബു, ബാബുരാജ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും പരാതി നിലനില്‍ക്കുന്നുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേഷ ഹൈക്കോടതി തള്ളിയത്.
Content Highlight: Actor Siddique in Supreme Court with anticipatory bail plea in rape case