| Saturday, 17th October 2020, 9:17 pm

'അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല'; എന്തുകൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്ന് നടന്‍ സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് ഇടയ്ക്ക് സിദ്ദീഖ് മൊഴി മാറ്റിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് സിദ്ദീഖ് തന്റെ നിലപാട് തുറന്നുപറഞ്ഞത്.

പബ്ലിക് തന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി താന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം തനിക്കുണ്ടെന്നാണ് സിദ്ദീഖ് പറയുന്നത്. അയാള്‍ക്ക് താനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് അയാള്‍ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച് കഴിഞ്ഞാല്‍ പിന്നെ തനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു.

അയാള്‍ തെറ്റുകാരനല്ലെന്നൊരു വിശ്വാസം തന്റെ മനസില്‍ ഉണ്ട്, ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്, അയാള്‍ കുറ്റാരോപിതനാണ്. തീരുമാനം പറയാന്‍ പാടില്ല.എങ്കില്‍പ്പോലും താന്‍ അയാളെ വിശ്വസിക്കുന്നുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.

‘എന്റെ സഹോദരന്‍ ഒരു കേസില്‍പ്പെട്ടുപോയെന്നു കരുതുക. അപ്പോള്‍ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. അയാള്‍ എന്റെ സഹോദരനാണ്. അയാളെ സഹായിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ഞാന്‍ അന്വേഷിക്കും’, സിദ്ദിഖ് പറഞ്ഞു.

‘സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. താന്‍ അപ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്‍ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്‍ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. തന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് തന്റെ ശത്രു’ എന്നുംസിദ്ദീഖ് പറഞ്ഞു.

സിദ്ദീഖിന്റെ വാക്കുകള്‍,

പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച് അയാള്‍ക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.

ആ സ്ഥാനത്തുനിന്ന് അയാള്‍ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച് കഴിഞ്ഞാല്‍ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാള്‍ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസില്‍ ഉണ്ട്, ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്, അയാള്‍ കുറ്റാരോപിതനാണ്. തീരുമാനം പറയാന്‍ പാടില്ല.എങ്കില്‍പ്പോലും ഞാന്‍ അയാളെ വിശ്വസിക്കുന്നുണ്ട്.’-സിദ്ദിഖ് പറഞ്ഞു.

എന്റെ സഹോദരന്‍ ഒരു കേസില്‍പ്പെട്ടുപോയെന്നു കരുതുക. അപ്പോള്‍ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. അയാള്‍ എന്റെ സഹോദരനാണ്. അയാളെ സഹായിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ഞാന്‍ അന്വേഷിക്കും

.’സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാന്‍ അപ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്‍ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്‍ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു.

അയാള്‍ ചിലപ്പോള്‍ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാല്‍ പോരേ.എന്റെ സഹപ്രവര്‍ത്തകയെ, എനിക്ക് സ്നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവന്‍ ശിക്ഷിക്കപ്പെടണം. അവന്‍ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോള്‍ ഒരു പേര് പറഞ്ഞു. ഞാന്‍ ആ വാക്കു വിശ്വസിക്കാന്‍ തയ്യാറല്ല. അതിനേക്കാള്‍ എന്റെ കൂട്ടുകാരന്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പള്‍സര്‍ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു നിലപാടെടുത്തത്.ഞാന്‍ നില്‍ക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നില്‍ക്കുന്നത് പള്‍സര്‍ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Siddique explains why he supports Dileep in the actress attack case

We use cookies to give you the best possible experience. Learn more