| Saturday, 16th December 2023, 2:04 pm

ഈ തോക്കിലെ ഉണ്ട തീരില്ലേ എന്ന് മോഹന്‍ലാല്‍, ഇല്ലെന്ന് പറഞ്ഞപ്പോള്‍, മോനേ ഉണ്ട തീരാത്ത തോക്കോ എന്ന് ചോദിച്ച് നടന്നങ്ങുപോയി: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹല്‍ലാലിനെ കുറിച്ചുള്ള ചില രസകരമായ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദിഖും സംവിധായകന്‍ ജീത്തു ജോസഫും.

ഒരു സിനിമയുടെ ഷൂട്ടിനിടെ ലാല്‍ നന്നായി ചെയ്ത ഒരു ഷോട്ട് സംവിധായകന്‍ റീ ടേക്ക് പറഞ്ഞപ്പോള്‍ തനിക്ക് ദേഷ്യം തോന്നിയെന്നും എന്നാല്‍ അതിന് ലാല്‍ പറഞ്ഞ മറുപടി കേട്ടപ്പോള്‍ തനിക്ക് ചിരിവന്നെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞു.

അതുപോലെ ഒരു സിനിമയുടെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ തോക്ക് കൊണ്ട് എത്ര വെടിവെച്ചിട്ടും ബുള്ളറ്റ് തീരാത്തതു കണ്ട് മോഹന്‍ലാല്‍ ചോദിച്ച ചോദ്യത്തെ കുറിച്ചും രസകരമായ മറുപടിയെ കുറിച്ചുമായിരുന്നു തുടര്‍ന്ന് ജീത്തു ജോസഫും സംസാരിച്ചത്.

‘ ക്യാമറാമാന്‍ സതീഷ് കുറുപ്പ് പറഞ്ഞ ഒരു കഥയാണ്. ലാല്‍ സാര്‍ ഒരു പടത്തില്‍ ഫൈറ്റ് ഷൂട്ട് ചെയ്യുകയാണ്. ഗണ്‍ ഷോട്ടാണ്. റിവോള്‍വര്‍ എടുത്തു. അതില്‍ ആകെ 8 ബുള്ളറ്റ് എങ്ങാനെ ഉള്ളൂ. കൂറേ വെടിവെച്ച് കഴിഞ്ഞപ്പോള്‍, ഇതിനകത്ത് ഉണ്ട തീരത്തിലേ എന്ന് ലാല്‍ സാര്‍ ചോദിച്ചു. ഇല്ല അത്…എന്ന് പറഞ്ഞപ്പോള്‍, ഓ… ഉണ്ട തീരാത്ത തോക്ക് ! എന്ന് പറഞ്ഞിട്ട് പുള്ളിയങ്ങ് നടന്നുപോയി'(ചിരി), ജീത്തു ജോസഫ് പറഞ്ഞു.

ഇതിന് പിന്നാലെ മോഹന്‍ലാലുമൊത്ത് ചെയ്ത ഒരു സിനിമയുടെ ഷൂട്ടിങ് അനുഭവം നടന്‍ സിദ്ദിഖും പങ്കുവെച്ചു.

ഞങ്ങള്‍ ഒരു പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ക്രിട്ടിക്കല്‍ സീനാണ് എടുക്കുന്നത്. ഞാന്‍ വില്ലനാണ്. ഞാനും ഗ്യാങ്ങും വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് ഫൈറ്റില്‍ വരുന്നു. ഞങ്ങള്‍ വളരെ രഹസ്യമായി ഒരു സ്ഥലത്ത് പോകുന്നു. സിനിമയില്‍ ലാല്‍ ചന്തയിലെ ചുമട്ടുതൊഴിലാളികളാണ്.

ഞങ്ങള്‍ രഹസ്യമായി പോകുമ്പോള്‍ ഈ ചുമട്ടുതൊഴിലാളികള്‍ ഞങ്ങളെ വളയും. ഈ സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ലാല്‍ സംവിധായകനോട് ചോദിക്കും, അല്ല ഇവര്‍ രഹസ്യമായി വരുന്നത് ഞങ്ങള്‍ എങ്ങനെ അറിഞ്ഞു എന്ന്. സംവിധായകന്‍ ഒരു മിനുട്ട് സ്റ്റക്ക് ആയി. ഉടന്‍ റൈറ്ററെ വിളിച്ചേ എന്ന് പറഞ്ഞു.

റൈറ്റര്‍ വന്നു…പുള്ളിയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍, അത് ചിലപ്പോള്‍ എന്ന് പറഞ്ഞപ്പോഴേക്കും ചിലപ്പോഴോ,,, അപ്പോള്‍ തനിക്ക് അറിയാന്‍ പാടില്ലേയെന്ന് ചോദിച്ചു (ചിരി) കൃത്യമായി തന്നെ പറയണം, ഇത് നാളെ ആളുകള്‍ ചോദിക്കും ചിലപ്പോള്‍ എന്നൊന്നും പറയാന്‍ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ ഈ രംഗത്തെ സാധൂകരിക്കുന്ന മറ്റൊരു സീനുണ്ടാക്കി.

ഇതുപൊലെ മറ്റൊരു സിനിമയില്‍ ഞാന്‍ വില്ലനാണ്. ലാല്‍ വളരെ ദേഷ്യത്തോടെ എന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് എന്നോട് ഒരു ഡയലോഗ് പറയുകയാണ്. കുറച്ച് നീളമുള്ള ഡയലോഗാണ്. പുള്ളി ഭയങ്കര ഇമോഷണലായിട്ട് ആ ഡയലോഗ് പറഞ്ഞ് എന്നെ തള്ളി മാറ്റി കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ വണ്‍ മോര്‍ എന്ന് പറഞ്ഞു.

കുറച്ചുകൂടി ഒരു ഫോഴ്‌സ് വരട്ടെയെന്നായി സംവിധായകന്‍. എനിക്ക് ദേഷ്യം വന്നും. ഇത്ര നന്നായിട്ട് പറഞ്ഞല്ലോ ഇനിയെങ്ങനെ ഫോഴ്‌സില്‍ പറയാനാണ് എന്ന് ഞാന്‍ ചോദിച്ചു.

കുഴപ്പമില്ല. അയാള്‍ ഒരു വണ്‍ മോര്‍ എന്ന് പറഞ്ഞല്ലേയുള്ളൂ. ഞാന്‍ അത് പറഞ്ഞേക്കാം. ഞാന്‍ ഇതുപോലെ തന്നെ പറഞ്ഞേക്കാം, അതിനേക്കാള്‍ ഫോഴ്‌സ് കുറഞ്ഞെങ്കിലേയുള്ളൂ എന്ന് പറഞ്ഞ് ലാല്‍ പെര്‍ഫോം ചെയ്തു. ഇത് കണ്ടതും ഡയറക്ടര്‍ ഓക്കെ എന്ന് പറഞ്ഞു (ചിരി).

ഇവരൊക്കെ അത്രയേ ഉള്ളൂ. ഇതിനൊന്നും വലിയ സീരിയസ്‌നെസ് കൊടുക്കില്ല. ഞാനൊക്കെയാണെങ്കില്‍ അതിന് കിടന്ന് വഴക്ക് കൂടും, സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddique and Director Jeethu Joseph Share a Funny Moment with Mohanlal

We use cookies to give you the best possible experience. Learn more