കൊച്ചി: ഡബ്ല്യു.സി.സിയ്‌ക്കെതിരായ തെറിവിളികളെ ന്യായീകരിച്ച് നടന്‍ സിദ്ദിഖ്. നിങ്ങളുടെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് നിങ്ങളെ തെറിവിളിക്കുന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്.
ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന താര ആരാധകരുടെ തെറിവിളികളെക്കുറിച്ച് ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സംഗീത കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പേജു തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ഭൂരിപക്ഷവും വ്യാജ അക്കൗണ്ടുകളാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇക്കാര്യം എടുത്തു പറഞ്ഞാണ് സിദ്ദിഖ് മുഖമില്ലാത്ത ഒരുകൂട്ടം ഫാന്‍സിന്റെ തെറിവിളിയെ ജനങ്ങളുടെ പ്രതികരണമായി വ്യാഖ്യാനിച്ചത്.
“ഞാന്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ എന്നെ എല്ലാവരും ചേര്‍ന്ന് കൂക്കിവിളിക്കുന്നുണ്ടെങ്കില്‍ അത് എന്റെ തെറ്റാണ്. ഞങ്ങള്‍ ചെയ്യുന്ന തൊഴില്‍ കലയാണ്. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ല.” എന്നും സിദ്ദിഖ് പറഞ്ഞു.
ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടന്‍ സിദ്ദിഖ് ഉയര്‍ത്തിയത്. അവരുടെ ആരോപണങ്ങള്‍ അനാവശ്യമാണെന്നാണ് സിദ്ദിഖ് പറഞ്ഞത്. ബാലിശമായ ആരോപണങ്ങളാണ് അവരുടേതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നല്‍കി.
മീ ടൂ കാമ്പെയ്ന്‍ നല്ല പ്രസ്ഥാനമാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. തേജോവധം ചെയ്യാനാണ് രേവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. അല്ലെങ്കില്‍ ഏതു സെറ്റിലാണ് 17കാരിയായ പെണ്‍കുട്ടിയ്‌ക്കെതിരെ അതിക്രമം നടന്നതെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാവണമെന്നും സിദ്ദിഖ് പറഞ്ഞു.