| Friday, 18th March 2022, 4:40 pm

ചിലപ്പോള്‍ അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടാകും, അങ്ങനെയെങ്കില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചുവരട്ടെ, അപ്പോഴും സുഹൃത്തല്ലാതാകുന്നില്ലല്ലോ: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുമായി ബന്ധപ്പെട്ടും സിനിമയ്ക്കകത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ താന്‍ എടുക്കുന്ന നിലപാടിനെ ന്യായീകരിച്ച് നടന്‍ സിദ്ദിഖ്. സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത്, അയാള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ലെന്നാണ് റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നത്.

നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്‌നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്‌നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു.

‘എന്റെ ഒരു അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിഡന്റ് നടന്നു. അദ്ദേഹം എന്നെ വിളിക്കുകയാണ്, എനിക്ക് ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്.

കാരണം അദ്ദേഹം എന്റെ സഹായമാണ് ചോദിച്ചിരിക്കുന്നത്. അയാള്‍ എന്റെ സുഹൃത്താണ്. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം.

ഇപ്പോള്‍ ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നാണ് ആലോചിച്ചിട്ടുണ്ടാകുക.

മകന്‍ ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാം, ഇല്ലാതിരിക്കാം. അയാള്‍ ഒരു സ്ഥലത്ത് ചെന്നുപെട്ടു. പക്ഷേ ഷാരൂഖ് ഖാന്‍ നോക്കുന്നത് എന്താണ് എന്റെ മകന്‍ പെട്ട ഒരു അപകടത്തില്‍ നിന്ന് എനിക്ക് അവനെ രക്ഷിക്കണം എന്നാണ്. എന്നപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തില്‍പ്പെട്ടാല്‍, ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ്.

അദ്ദേഹത്തിനെതിരെ വരുന്ന കാര്യങ്ങളെ ഞാന്‍ ചിലപ്പോള്‍ ഡിഫന്റ് ചെയ്യേണ്ടി വരും. അതാണ് നിലപാട്. ശരിയാണ് അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും. അയാള്‍ പ്രശ്‌നത്തില്‍പ്പെട്ടുപോയി. ചിലപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാള്‍ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ. എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി.

അങ്ങനെയല്ലേ നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ,’ സിദ്ദിഖ് പറയുന്നു.

Content Highlight: Actor Siddique replys to Recent Controvercies on Malayalam Cinema

We use cookies to give you the best possible experience. Learn more