| Sunday, 15th January 2023, 11:03 pm

ഇരുപതില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ആ സിനിമ കണ്ടിട്ട് എന്നെ കൂടുതല്‍ വിളിച്ചിട്ടുള്ളത്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉയരെ എന്ന സിനിമ കണ്ടിട്ട് തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ വിളിച്ചിട്ടുണ്ടായിരുന്നുവെന്ന് നടന്‍ സിദ്ദീഖ്. പലര്‍ക്കും ആ കഥാപാത്രത്തോട് അവരുടെ അച്ഛനുമായിട്ട് കണക്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചില കുട്ടികള്‍ തങ്ങളുടെ അച്ഛന്‍ ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയെന്നും പറഞ്ഞിട്ടുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്‍ കഥാപാത്രം സത്യമേവ ജയതേയിലേതാണെന്നും സിദ്ദീഖ് പറഞ്ഞു. കൂടാതെ പ്രജാപതിയിലെ വില്ലന്‍ കഥാപാത്രവും തനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നിങ്ങള്‍ ഹീറോയായിട്ട് അഭിനയിച്ച ഒരു സിനിമ കാണിക്കുമോയെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഒന്നും കാണിക്കില്ല. അങ്ങനെ എനിക്ക് അവകാശപ്പെടാനുള്ള ഒരു സിനിമയും ഇല്ല. ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപെട്ട വില്ലന്‍ കഥാപാത്രം സത്യമേവ ജയതേയിലേതാണ്.

ആ സിനിമയാണ് എനിക്ക് വേറെ ഒരു രീതിയില്‍ അഭിനയിക്കാന്‍ പറ്റുമെന്നും വേറെ ചില കഥാപാത്രങ്ങള്‍ കൂടി ഇയാളെ ഏല്‍പ്പിക്കാന്‍ പറ്റുമെന്ന് സംവിധായകരെകൊണ്ട് തോന്നിപ്പിച്ച സിനിമ. സത്യമേവ ജയതേ എന്റെ സിനിമാ ജീവിതത്തിലെ ഒരു മൈല്‍സ്റ്റോണാണ്.

നെഗറ്റീവ് കഥാപാത്രമായത് കൊണ്ടല്ല ഞാന്‍ ആ സിനിമ ഇഷ്ടപ്പെടുന്നത്. അതിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് പലര്‍ക്കും അതിശയമായിരുന്നു. നല്ല പേരുണ്ടാക്കിയ മറ്റൊരു സിനിമ പ്രജാപതിയാണ്. അത് കണ്ടിട്ട് പലരും എന്നെ അഭിനന്ദിച്ചിട്ടുണ്ട്.

ഉയരെ എന്ന സിനിമ കണ്ടിട്ട് ഏറ്റവും കൂടുതല്‍ എന്നെ വിളിച്ചത് പെണ്‍കുട്ടികളാണ്. ഇരുപതില്‍ താഴെയുള്ള പെണ്‍കുട്ടികളായിരുന്നു അന്ന് എന്നെ കൂടുതല്‍ വിളിച്ചിട്ടുള്ളത്.

അവരൊക്കെ പറയുന്നത് സാര്‍ അല്ലെങ്കില്‍ ഇക്ക, എന്റെ അച്ഛന്‍ ഇതുപോലെയാണ് എന്നായിരുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക് അച്ഛന്‍ ഇതുപോലെ കൂടെ നിന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ ചിലര്‍ പറഞ്ഞത് ഇതുപോലെ ഒരു അച്ഛന്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് സിനിമ കാണുമ്പോള്‍ തോന്നിയെന്നൊക്കെയാണ്,” സിദ്ദീഖ് പറഞ്ഞു.

content highlight: actor siddique about uyare movie

We use cookies to give you the best possible experience. Learn more