തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദിവെള്ളക്ക എന്ന സിനിമ കണ്ടിട്ട് തന്റെ കണ്ണു നിറഞ്ഞുവെന്ന് നടന്‍ സിദ്ദീഖ്. ആയിഷ റാവുത്തര്‍ എന്ന കഥാപാത്രം ബ്രിട്ടോയെന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗ് തന്നെ വല്ലാതെ ഇമോഷണലാക്കിയെന്നും സിദ്ദീഖ് പറഞ്ഞു.
സത്താര്‍ തിരിച്ച് വരാത്തത് എന്തുകൊണ്ടാണെന്ന് ഉമ്മയോട് ചോദിക്കുമ്പോള്‍ ഉമ്മ പറയുന്ന ഡയലോഗിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. അതുപോലെ ഒരു ഡയലോഗ് ഈ അടുത്തൊന്നും ഒരു സിനിമയിലും കേട്ട് തന്റെ ഉള്ളില്‍ തങ്ങി നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഇതുവരെ കരഞ്ഞിട്ടില്ല. പക്ഷെ മറ്റ് പല അഭിനേതാക്കളുടെയും അഭിനയം കണ്ടിട്ട് ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്. ഈ അടുത്ത് സൗദി വെള്ളക്ക എന്ന സിനിമ കണ്ടിട്ട് ഞാന്‍ കുറേ ഇമോഷണലായി. അതിലെ ഒരു ഡയലോഗുണ്ട്, അതിലെ ഉമ്മ പറയുന്നത്.
അവനെന്താണ് ഉമ്മ ഇത്രകാലമായിട്ടും തിരിച്ച് വരാത്തതെന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നുണ്ട്, അവന്‍ പോയ സ്ഥലം അത്രക്ക് നല്ലതായിരിക്കുമെന്ന്. അത് കേട്ടപ്പോള്‍ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി. എന്തൊരു ഡെപ്ത്തുള്ള ഡയലോഗാണെന്നോ.
അവരുടെ മകന്‍ മരിച്ച് പോയിട്ടുണ്ടാകുമെന്ന് അവര്‍ക്ക് അറിയാം. അങ്ങനെ ഒരു സംഭാഷണം ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടില്ല. എനിക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത വിധം എന്റെ കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ ഒരുപാട് സിനിമകള്‍ കണ്ടിട്ട് ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്. പല സിനിമകളും നെഞ്ചില്‍ തറയ്ക്കാറുണ്ട്,” സിദ്ദീഖ് പറഞ്ഞു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബര്‍ 2നാണ് സൗദി വെള്ളക്ക റിലീസ് ചെയ്തത്. ദേവി വര്‍മ, സുജിത്ത് ശങ്കര്‍, ബിനു പപ്പു, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ജനുവരി ആറിനാണ് ചിത്രം സോണി ലിവിലൂടെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്.
ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
content highlight: actor siddique about saudi vellakka