ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ചിത്രമാണ് സന്ദേശം. ചിത്രത്തില്‍ ഉദയഭാനു എന്ന കഥാപാത്രത്തെയാണ് സിദ്ദീഖ് അവതരിപ്പിച്ചത്. ഒരിക്കല്‍ കൂടി തനിക്ക് ആ കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ അതിലും നന്നായി അഭിനയിച്ചു കാണിക്കുമെന്ന് പറയുകയാണ് സിദ്ദീഖ്.
ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിനായിഡേറ്റ് കൊടുത്തപ്പോഴാണ് ചിത്രത്തിലേക്ക് ശ്രീനിവാസന്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ സിനിമ ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് രണ്ടിലും മാറി മാറി വന്ന് അഭിനയിക്കുകയായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.
അതുകൊണ്ട് തന്നെ സീരിയസായിട്ട് സന്ദേശത്തിലെ ഉദയഭാനു എന്ന കഥാപാത്രത്തെ തനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജോലിയെ സീരിയസായിട്ട് കാണാനുള്ള കഴിവ് തനിക്ക് അന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സന്ദേശത്തിലെ ഉദയ ഭാനു എന്ന കഥാപാത്രത്തെ ഒരിക്കല്‍ കൂടി എനിക്ക് ലഭിച്ചാല്‍ ഞാന്‍ അതിലും നന്നായി അഭിനയിച്ചു കാണിക്കും. ആ സമയത്ത് ഗോഡ്ഫാദറും സന്ദേശവും ഒരേ സമയത്താണ് ഷൂട്ട്. ഗോഡ്ഫാദറിന്റെ ഡേറ്റും കാര്യവും നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.
ആ സമയത്ത് പെട്ടെന്നാണ് ശ്രീനിവാസന്‍ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞത്. നിങ്ങളെ പടത്തില്‍ നിന്നും എത്ര ഒഴിവാക്കാന്‍ നോക്കിയിട്ടും സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. സന്ദേശത്തില്‍ അഭിനയിക്കുന്നോയെന്ന് എന്നോട് ചോദിച്ചു.
സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൊക്കെ അന്നത്തെക്കാലത്ത് ഒരു റോള്‍ കിട്ടുക എന്ന് പറഞ്ഞാല്‍ നിധി കിട്ടുന്നത് പോലെയാണ്. സിദ്ദിഖിനോടും ലാലിനോടും ഈ കാര്യം പറഞ്ഞു. അത് സമ്മതിച്ചോളൂ നോ എന്ന് പറയേണ്ടതില്ലെന്ന് പറഞ്ഞു.
രണ്ടു സിനിമക്കും വേണ്ടി ഞാന്‍ ഓടി നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പൂര്‍ണമായും ഒന്നില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. സന്ദേശത്തില്‍ എനിക്ക് ഇത്രയും നല്ല റോളാണ് കിട്ടിയിരിക്കുന്നത്. ഈ സിനിമ പത്തുനാല്‍പ്പത് കൊല്ലം ആളുകള്‍ ആഘോഷിക്കാന്‍ പോകുന്ന സിനിമയാണെന്നോ ഇതിലെ എന്റെ റോള്‍ എന്നും ശ്രദ്ധിക്കപ്പെടുമെന്നോ ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു.
ഞാന്‍ ചെയ്യുന്ന ജോലിയെ സീരിയസായിട്ട് കാണാനുള്ള അറിവ് എനിക്ക് അന്ന് ഇല്ലായിരുന്നു. ഇപ്പോള്‍ കിട്ടുകയാണെങ്കില്‍ ഞാന്‍ നന്നായിട്ട് ചെയ്യും. അതില്‍ എനിക്ക് വലിയ കുറ്റബോധമുണ്ട്,” സിദ്ദീഖ് പറഞ്ഞു.
content highlight: actor siddique about sandhesham movie