| Wednesday, 29th March 2023, 9:26 pm

പുതിയ തലമുറയിലെ നടന്മാര്‍ കുഴപ്പക്കാരണെന്ന തെറ്റിദ്ധാരണ ഇന്‍ഡസ്ട്രിയിലുണ്ട്; ബഹുമാനമില്ലാതെ മുന്നിലിരിക്കും പക്ഷെ ബഹുമാനം അഭിനയിക്കില്ല: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുതലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ കുഴപ്പക്കാരാണെന്ന തെറ്റിദ്ധാരണ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് നടന്‍ സിദ്ദീഖ്. കൃത്യം സെറ്റിലെത്തുകയും ജോലികഴിഞ്ഞാല്‍ മാറിയിരിക്കുകയും ചെയ്യുന്നവരാണ് പുതുതലമുറയിലെ അഭിനേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

മുന്നില്‍ ഇരുന്ന് സിഗരറ്റ് വലിക്കുകയും കാലിന്റെ മുകളില്‍ കാല്‍ കയറ്റിവെച്ച് ബഹുമാനമില്ലാതെ മുമ്പിലിരുന്നാലും ബഹുമാനമുള്ളതായി അഭിനയിക്കുകയോ പരദൂഷണം പറയുകയോ ചെയ്യില്ലെന്നും സിദ്ദീഖ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പുതിയ തലമുറയിലെ അഭിനേതാക്കള്‍ കുഴപ്പക്കാരാണെന്ന തെറ്റിദ്ധാരണ ഇന്‍ഡസ്ട്രിയിലുണ്ട്. അത് വെറും തെറ്റിദ്ധാരണയാണ്. ഏഴ് മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ 6.30ന് അവരെത്തും. അവരുടെ ജോലി കഴിഞ്ഞാല്‍ മാറി ഇരിക്കും.

ഇവര്‍ ചിലപ്പോള്‍ നമ്മുടെ മുമ്പിലിരുന്ന് സിഗരറ്റ് വലിച്ചെന്നിരിക്കും ആ കാരണങ്ങളൊക്കെയാണ് പുതുതലമുറയെ കുറ്റം പറയാനായി പറയുന്നത്. മുന്നിലിരുന്ന് സിഗരറ്റ് വലിക്കും അതല്ലാതെ വലിക്കാതെ മാറി നിന്ന് നമ്മളെ കുറ്റം പറയില്ല.

ഇവരുടെ കാര്യങ്ങളെല്ലാം വളരെ ട്രാന്‍സ്പരന്റാണ്. നമ്മള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ കയറി ബഹുമാനമില്ലാതെ സംസാരിക്കുന്നതായിട്ട് തോന്നാം, എന്നാല്‍ ഒരിക്കലും അവര്‍ ബഹുമാനമുള്ളതായി നമ്മുടെ മുന്നില്‍ അഭിനയിക്കില്ല.

നമ്മുടെ മുന്നില്‍ കാലിന്റെ മുകളില്‍ കാല്‍ കയറ്റിവെച്ച് ഇരുന്നെന്ന് വരാം. അതിനെക്കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല. കാലിന്റെ മുകളില്‍ കാല് വെക്കാതെ ബഹുമാനിച്ച് ഇരുന്നിട്ട് നമ്മള്‍ എഴുന്നേറ്റ് പോകുമ്പോള്‍ ഇയാളൊക്കെ എന്ത് എന്ന ഭാവത്തില്‍ നമ്മളെക്കുറിച്ച് പറഞ്ഞ് നടക്കില്ല.

പുതിയ തലമുറയില്‍പ്പെട്ട ഒരുപാട് നടന്മാരുടെ കൂടെ എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആരിലും ഞാന്‍ അത്തരമൊരു സ്വഭാവം കണ്ടിട്ടില്ല. ഇതുവരെ നമ്മുടെ അടുത്ത് വന്നിരുന്നിട്ട് ആരെയും കുറ്റം ഇവര്‍ പറഞ്ഞിട്ടില്ല. പുതിയ തലമുറയെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം വെറും തെറ്റിദ്ധാരണയാണ്,” സിദ്ദീഖ് പറഞ്ഞു.

content highlight: actor siddique about new generation actors

We use cookies to give you the best possible experience. Learn more