| Saturday, 7th January 2023, 1:37 pm

മോഹന്‍ലാല്‍ സെറ്റില്‍ ഹാപ്പി ആയിരിക്കുന്നതിനും ദേഷ്യപ്പെടാതിരിക്കുന്നതിനുമൊക്കെ ഒരു കാരണമുണ്ട്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രായഭേദമന്യേ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ നടന വിസ്മയമായ മോഹന്‍ലാല്‍. കൊച്ചുകുഞ്ഞുങ്ങള്‍ തൊട്ട് മുത്തശ്ശിമാര്‍ വരെ ലാലിന്റെ ആരാധകരാണ്. സെറ്റില്‍ ദേഷ്യപ്പെടാത്ത മോഹന്‍ലാലിനെ കുറിച്ച് പല താരങ്ങളും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കൂള്‍ ആക്ടര്‍ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറ്. എന്നാല്‍ സെറ്റില്‍ വളരെ കൂളായി ലാല്‍ ഇരിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് നടന്‍ സിദ്ദീഖ്.

സ്വയം ഹാപ്പി ആയി ഇരിക്കുകയും മറ്റുള്ളവരെയും ഹാപ്പി ആക്കിവെക്കുകയും ചെയ്യുക എന്നുള്ളത് മോഹന്‍ലാലിന്റെ തിയറി ആണെന്നാണ് സിദ്ദീഖ് പറയുന്നത്. അതിന് പിന്നില്‍ അദ്ദേഹത്തിന് ചില കണക്കുകൂട്ടലുകളുണ്ടെന്നും സിദ്ദീഖ് പറയുന്നു. ചാനല്‍ കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലാല്‍ എനിക്ക് പറഞ്ഞ് തന്നിട്ടുള ഒരു കാര്യമുണ്ട്. ഒരു സിനിമ സെറ്റില്‍ നമ്മള്‍ അസ്വസ്ഥരാവുകയോ ഇറിറ്റേറ്റഡ് ആവുകയോ അല്ലെങ്കില്‍ ദേഷ്യ പെടുകയോ ചെയ്താല്‍ അത് ആ മുഴുവന്‍ യൂണിറ്റിന്റെയും ബാധിക്കുമെന്നുള്ളതാണ് അത്.

അതുകൊണ്ട് നമ്മള്‍ എപ്പോഴും സന്തോഷമായിട്ട് ഇരിക്കുക എന്നതാണ് ലാലിന്റെ രീതി. ഒരു യൂണിറ്റിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് ഒരു പക്ഷേ ആരും അറിഞ്ഞെന്ന് വരില്ല. പക്ഷേ ഒരു നടനോ നടിക്കോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അത് അങ്ങനെയല്ല. ആ സെറ്റിനെ മൊത്തത്തില്‍ ബാധിക്കും. നമ്മുടെ ഇമോഷന്‍സിന് വളരെ അധികം പ്രാധാന്യമുണ്ട്. നമ്മളെപ്പോഴും ഹാപ്പി ആയി ഇരിക്കുക. ബാക്കി എല്ലാവരെയും ഹാപ്പി ആക്കി വെക്കാന്‍ ശ്രമിക്കുക എന്നാണ് ലാല്‍ എന്നോട് പറഞ്ഞത്, ‘സിദ്ദിഖ് പറഞ്ഞു.

മോഹന്‍ലാലിനൊപ്പം ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ള വ്യക്തി താനാണെന്നും മാതൃഭൂമി ഒരിക്കല്‍ എഴുതിയപ്പോഴാണ് ഇങ്ങനെ ഒരു റെക്കോര്‍ഡ് ഉണ്ടെന്ന കാര്യം താന്‍ പോലും തിരിച്ചറിഞ്ഞതെന്നും സിദ്ദീഖ് പറയുന്നു.

‘മോഹന്‍ ലാലിന്റെ കൂടെ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ള ഒരു ആക്ടര്‍ ഞാനാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ വിചാരിച്ചിരുന്നത് ജഗതി ശ്രീകുമാറോ നെടുമുടി വേണു ചേട്ടനോ ആരെങ്കിലും ആയിരിക്കുമെന്നാണ്. മോഹന്‍ ലാല്‍ തന്നെ ഒരിക്കല്‍ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് അമ്പിളി ചേട്ടനൊക്കെ കുറേ കാലം അഭിനയിക്കാതിരുന്നിട്ടുണ്ട് എന്ന്.

എന്റെ സിനിമ ജീവിതം തുടങ്ങുന്നത് തന്നെ മോഹന്‍ലാലിനൊപ്പമാണ്. അന്നും ഇന്നും ഒരു പോലെ നമ്മളെ കംഫര്‍ട്ടബിള്‍ ആകുന്ന ഒരു ആക്ടര്‍ ആണ് അദ്ദേഹം. കൂടെ അഭിനയിക്കാന്‍ ഒരു ടെന്‍ഷനും വേണ്ട. നമുക്ക് എന്തും തുറന്ന് പറയാം. എന്തും സംസാരിക്കാം. എന്ത് തമാശ വേണെമെങ്കിലും പറയാം. അങ്ങനെ നമ്മളെ ഏറ്റവും അധികം കംഫര്‍ട്ടബിള്‍ ആകുന്ന ഒരാക്ടര്‍ ആണ് അദ്ദേഹം, സിദ്ദീഖ് പറഞ്ഞു.

ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ സിദ്ദീഖ്-സുരാജ് കൂട്ടുകെട്ടില്‍ ഈ മാസം ആറിന് തിയേറ്ററുകളില്‍ എത്തിയ എന്നാലും ന്റളിയ എന്ന ചിത്രമാണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം.

Content Highlight: Actor Siddique about Mohanlal cool Attitude on Set

We use cookies to give you the best possible experience. Learn more