| Wednesday, 14th February 2024, 10:41 am

നിനക്ക് നടക്കാന്‍ പോലും അറിയില്ലേ എന്ന് ന്യൂദല്‍ഹി ചെയ്യുമ്പോള്‍ ജോഷി സാര്‍ എന്നോട് ചോദിച്ചിട്ടുണ്ട്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ കരിയറിനെ കുറിച്ചും അഭിനയത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സിദ്ദിഖ്. ഒപ്പം സംവിധായകന്‍ ജോഷിയുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം തനിക്ക് നല്‍കിയ ചില നല്ല പാഠങ്ങളെ കുറിച്ചുമൊക്കെയാണ് സിദ്ദീഖ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

തന്റെ അഭിനയം കണ്ട് പരമബോറാണെന്ന് സുഹൃത്തുക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്നൊക്കെ എങ്ങനെയെങ്കിലും സിനിമയില്‍ ഒന്ന് കയറിപ്പറ്റിയാല്‍ മതിയെന്ന് മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും സിദ്ദീഖ് പറയുന്നു.

‘ നിനക്ക് നടക്കാന്‍ പോലും അറിഞ്ഞൂടേ എന്ന് ജോഷി സാര്‍ ന്യൂദല്‍ഹി ചെയ്യുമ്പോള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം ആ കഥാപാത്രം അങ്ങനെയല്ല നടക്കേണ്ടത്. നമ്മള്‍ എവിടെയെങ്കിലും ഓടി നടക്കുന്നതുപോലെ തന്നെ കഥാപാത്രമാകുമ്പോഴും ചെയ്യുകയാണല്ലോ.

അങ്ങനെയല്ല. ഒരു കഥാപാത്രമായി കഴിഞ്ഞാല്‍ അയാളുടെ പെരുമാറ്റം എങ്ങനെയാകണം അയാളുടെ ബോഡി ലാംഗ്വേജ് എങ്ങനെ ആയിരിക്കണം അയാളുടെ നടത്തം എങ്ങനെയായിരിക്കണം ഇതൊക്കെ ശ്രദ്ധിക്കണം. ഇതൊക്കെ നമുക്ക് പഠിക്കാനുണ്ട്. ജീവിതത്തില്‍ ഇതൊക്കെ നമ്മള്‍ ചെയ്യും. സിനിമയില്‍ എങ്ങനെ റീ ക്രിയേറ്റ് ചെയ്യാമെന്നാണ് പഠിക്കേണ്ടത്.

ശരിക്കും പറഞ്ഞാല്‍ ഞാന്‍ സിനിമ സെലക്ട് ചെയ്യുകയല്ല സിനിമ എന്നെ സെലക്ട് ചെയ്യുകയാണ്. ലേലത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ജോഷി സാര്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ഒരിക്കലും ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അഭിനയിക്കില്ല എന്ന് പറയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.

കാരണം ആ പറച്ചിലിന്റെ അര്‍ത്ഥം ആ കഥാപാത്രത്തെ അഭിനയിച്ച് വിജയിപ്പിക്കാനുള്ള കഴിവ് നിനക്കില്ലെന്നാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ റോള്‍ എന്തായാലും വേറെ ആരെങ്കിലും ചെയ്യുമല്ലോ.

അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ആ റോള്‍ ചെയ്യില്ലെന്ന് നമ്മള്‍ പറയുന്നത്. അത് നമ്മള്‍ കോണ്‍ഫിഡന്റ് അല്ലാത്തതുകൊണ്ടാണ്. ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ്. ചെയ്യില്ല എന്ന് തീര്‍ത്തു പറയരുത്.

അല്ലെങ്കില്‍ പിന്നെ സംവിധായകനെ ഇഷ്ടമല്ലെന്നൊക്കെ പറയാം. പക്ഷേ അപ്പോഴും നമ്മള്‍ ഒരു മനുഷ്യനെയാണ് വേദനിപ്പിക്കുന്നത്. നാളെ അയാളുടെ അടുത്ത് ചാന്‍സ് ചോദിച്ച് പോകേണ്ട അവസ്ഥ വരും. അതും ചിന്തിക്കണം.

അതിന് ശേഷം എന്നെ സെലക്ട് ചെയ്ത ഒരു റോളും ഞാന്‍ വേണ്ടെന്ന് വെച്ചിട്ടില്ല. ഡേറ്റ് ഇഷ്യൂസ് കാരണമൊക്കെ മാറിപ്പോയിട്ടുണ്ടെങ്കിലേ ഉള്ളൂ.

മാത്രമല്ല ഒരു കഥയും കേട്ടിട്ട് മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സിദ്ദിഖിനെ ഈ പടത്തില്‍ അഭിനയിപ്പിച്ചിട്ട് ഒരു മോശം പേര് വാങ്ങിച്ചുകൊടുക്കാം എന്ന് ആരും ചിന്തിക്കില്ലല്ലോ. ഒരു കഥാപാത്രത്തിന് ഏറ്റവും ആപ്റ്റായിട്ടുള്ള ആളെയാണ് ആദ്യം വിളിക്കുക. എന്റെ അടുത്ത് വരുന്ന വേഷങ്ങളെല്ലാം മികച്ച വേഷമാണ്. ഞാന്‍ അത് നന്നാക്കിയാല്‍ മാത്രം മതി. മാത്രമല്ല ഒരിക്കലും ഒരു കഥ കേട്ട് അതിനെ ജഡ്ജ് ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല.

മാത്രമല്ല ഞാന്‍ വന്‍ വിജയമാകുമെന്ന് കരുതി അഭനയിച്ച ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടുമുണ്ട്. ഓടില്ലെന്ന് വിചാരിച്ച സിനിമയാകട്ടെ വിജയിച്ചിട്ടുമില്ല. ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നതാണ് സത്യം.

പണ്ടൊക്കെ എന്റെ അഭിനയം കണ്ടിട്ട് ബോറര്‍ ആണെന്ന് സുഹൃത്തുക്കള്‍ പറയുമായിരുന്നു. എന്നാല്‍ എനിക്ക് അത് ബോര്‍ ആയിട്ട് തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റിയാല്‍ മതിയെന്ന ചിന്തയായിരുന്നു അത്. അഭിനയം കണ്ട് പഠിക്കുകയായിരുന്നു ഞാന്‍,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddique about Director Joshi and newdelhi movie

We use cookies to give you the best possible experience. Learn more