നിരവധി ക്യാരക്ടര്‍ റോളുകളിലൂടെയും കോമഡി താരമായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് സിദ്ദീഖ്.
സിദ്ദീഖ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന, നവാഗതനായ കെ. സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
കലാകാരന്മാര്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ്.
”ആദ്യം എല്ലാവരും സിനിമയില്‍ വരാന്‍ ആഗ്രഹിക്കും. വന്ന് കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും പിടിച്ച് കേറാന്‍ നോക്കും. അത് കഴിഞ്ഞ് ഒരു അവസ്ഥയിലെത്തിയാല്‍ അതില്‍ നിന്ന് താഴെ പോരാതിരിക്കാനും മുകളില്‍ പോകാനും ശ്രമിക്കും.
ആളുകള്‍ക്ക് നമ്മളെ മടുക്കരുത്, മുഷിപ്പ് തോന്നരുത്. ഏറ്റവും പ്രധാനം പ്രേക്ഷകര്‍ നമ്മളെ ഇഷ്ടപ്പെടുക എന്നുള്ളതാണ്. ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരുപാട് പ്രവര്‍ത്തികള്‍ നമുക്ക് വേണമെങ്കില്‍ ചെയ്യാം.
കലാകാരന്മാര്‍ക്ക് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടേ പറ്റൂ. നമ്മളെ പറ്റി ഒരു ട്രോള് വന്ന് അതിന്റെ താഴെ ഒരു മോശം കമന്റ് ഇട്ടാല്‍ പോലും നോവും. എന്നെ ആളുകള്‍ക്ക് ഇഷ്ടമല്ലേ, എന്നോട് അത്ര വെറുപ്പാണോ എന്ന് തോന്നും. അതാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന ഒരു കാര്യം.
ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു ആളായിരിക്കണം ഞാന്‍. അങ്ങനെ ഇഷ്ടപ്പെടണം എന്നുണ്ടെങ്കില്‍ എന്റെ പേഴ്‌സണല്‍ ലൈഫില്‍ ചില മര്യാദകള്‍ പാലിക്കണം. പബ്ലിക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിക്കണം.
സോഷ്യല്‍ സറ്റയര്‍ ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പീസില്‍ ജോജു ജോര്‍ജാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മഹാവീര്യര്‍ ആണ് സിദ്ദീഖിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlight: Actor Siddique about artist’s need for love of audience