| Thursday, 23rd March 2023, 2:29 pm

എന്നോട് സംസാരിക്കുന്നത് പോലെ ടി.വിയില്‍ സംസാരിക്കരുതെന്ന് മമ്മൂക്ക പറയും; മകന് വന്ന ചില ആലോചനകള്‍ അദ്ദേഹം വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും സിദ്ദിഖും. സിനിമക്കകത്തും പുറത്തും ഇരുവരും തമ്മിലുള്ള അടുപ്പം സിദ്ദീഖ് തന്നെ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയോടും കുടുംബത്തോടുമുള്ള സുഹൃദ്ബന്ധത്തിന്റെ കഥ പറയുകയാണ് സിദ്ദീഖിപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്.

തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് സിദ്ദീഖ് പറഞ്ഞത്. താന്‍ എല്ലാകാര്യവും മമ്മൂട്ടിയുമായി പങ്കുവെക്കാറുണ്ടെന്നും മകന്‍ ഷഹീന്‍ സിദ്ദീഖിന്റെ കല്യാണക്കാര്യം വരെ മമ്മൂട്ടിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ചില ആലോചനകള്‍ മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.

‘മമ്മൂക്കയോട് സൗഹൃദ ബന്ധത്തിനപ്പുറം ഒരു സഹോദര ബന്ധമാണ് എനിക്കുള്ളത്. ഞാനെന്ത് കാര്യവും മമ്മൂക്കയോട് പറയാറുണ്ട്. എന്റെ മകന്റെ കല്യാണക്കാര്യം വന്ന സമയത്ത് നാലോ അഞ്ചോ ആലോചനകള്‍ ഞാന്‍ മമ്മൂക്കയുമായി ചര്‍ച്ച ചെയ്തിരുന്നു. ചില ആലോചനകള്‍ കേട്ടിട്ട് മമ്മൂക്ക പറയും അത് വേണ്ട നമുക്ക് പറ്റിയതല്ലെടാ എന്നൊക്കെ. അദ്ദേഹം വേണ്ട എന്ന് പറഞ്ഞ കാര്യം ഞാന്‍ വേണ്ട എന്ന് തന്നെ വെച്ചിട്ടുണ്ട്.

മമ്മൂക്ക പറഞ്ഞ ഒരു കാര്യം ഞാന്‍ അനുസരിക്കുന്നില്ലെന്ന് മമ്മൂക്ക പരാതി പറഞ്ഞിട്ടുള്ളതെന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇന്റര്‍വ്യൂകളില്‍ ചെന്ന് ദേഷ്യപ്പെടുന്നതിനെയാണ്. ഇനി അങ്ങനെ സംസാരിക്കാനൊന്നും നില്‍ക്കരുത്, എന്തിനാണ് ചുമ്മാ ദേഷ്യപ്പെടുന്നത്,

നീയെന്നോട് സംസാരിക്കുന്ന പോലെ പുറത്തൊക്കെ പോയി സംസാരിക്കുന്നതെന്തിനാണെന്നൊക്കെയാണ് മമ്മൂക്ക ചോദിക്കുന്നത്. എന്നിട്ട് പറയും അത് നിയന്ത്രിക്കണമെന്നും വെറുതെ ആള്‍ക്കാരുടെ വെറുപ്പ് സമ്പാദിക്കാന്‍ നില്‍ക്കണ്ട എന്നൊക്കെ മമ്മൂക്ക പറയും.

ശരിക്കും അങ്ങേര്‍ക്ക് എന്നെ തിരുത്തേണ്ട ആവശ്യമൊന്നുമില്ല. എന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികൂടിയാണ് അദ്ദേഹം,’ സിദ്ദീഖ് പറഞ്ഞു.

Content Highlight: Actor Siddhique talk about his friendsship with Mammootty

Latest Stories

We use cookies to give you the best possible experience. Learn more