2010ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. മമ്മൂട്ടി നായകനായ ചിത്രത്തില്‍ നടന്‍ സിദ്ദിഖും ഒരു പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദിഖ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘പ്രാഞ്ചിയേട്ടന്‍ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ് നടക്കുകയാണ്. ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗം പറയുന്നതാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. അത് കഴിഞ്ഞ് മമ്മൂക്ക കയറി വരുമ്പോള്‍ ഞാന്‍ മമ്മൂക്കയോട് കറവക്കാരി ചേട്ടത്തിയുടെ കാര്യം ചോദിക്കുന്നുണ്ട്. നീ എങ്ങനാടാ അത് ചോദിക്കാന്‍ പോകുന്നത് എന്ന് ഷൂട്ടിന് മുമ്പ് രഞ്ജിത്ത് എന്നോട് ചോദിച്ചു.
എനിക്ക് അതിനെ കുറിച്ച് ഒരു ഐഡിയയുമില്ല. മമ്മൂക്ക എങ്ങനെയാണോ ഇറങ്ങി വരുന്നത് അതനുസരിച്ച് ചോദിക്കാമെന്ന് കരുതി എന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ മമ്മൂക്കയോട് ചോദിക്കാമെന്ന് കരുതി. ഞാനും രഞ്ജിത്തും കൂടി മമ്മൂക്കയുടെ അടുത്ത് ചെന്നു. ആ സീനില്‍ എങ്ങനെയാണ് മമ്മൂക്ക റിയാക്ട് ചെയ്യുന്നത് എന്ന് പറയാമോ എന്ന് ചോദിച്ചു.
എനിക്ക് ഷോട്ട് വെക്കാനായിരുന്നു. അവനോട് ചോദിച്ചിട്ടാണെങ്കില്‍ അവനൊന്നും അറിയില്ല, രഞ്ചിത്ത് മമ്മൂക്കയോട് പറഞ്ഞു. ആ എനിക്കറിഞ്ഞൂടാ, അവന്‍ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കട്ടെ എന്നും മമ്മൂക്ക പറഞ്ഞു.
അതുപോലെ തന്നെയാണ് മോഹന്‍ലാലിന്റെ കാര്യവും. ഓരോ സീനിന്റെയും ഷൂട്ട് കഴിയുമ്പോള്‍ ലാലിനോട് ചോദിക്കും നേരത്തെ പ്രിപ്പേര്‍ ചെയ്തിരുന്നോ എന്ന്. ഏയ് അങ്ങനെ ഒന്നുമല്ല സ്‌പോട്ടില്‍ വന്നതാണെന്ന് ലാല്‍ പറയും. നമ്മള്‍ എപ്പോഴും ഇതൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അനുഭവങ്ങളിലൂടെ മാത്രമേ പുതിയത് ഓരോന്ന് പഠിക്കാന്‍ കഴിയുകയുള്ളു,’ സിദ്ദിഖ് പറഞ്ഞു.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചയാളാണ് സിദ്ദിഖ്. വില്ലനായും സഹോദരനായും സുഹൃത്തായും ഇരുവര്‍ക്കും ഒപ്പം സ്‌ക്രീനില്‍ താരം പ്രത്യക്ഷപ്പെട്ടിണ്ട്. 1985ല്‍ അഭിനയം ആരംഭിച്ച സിദ്ദിഖ് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സന്‍ഫീര്‍ കെയുടെ ‘പീസ്’, സുധീഷ് രാമചന്ദ്രന്റെ ‘ഇനി ഉത്തരം’ എന്നിവയാണ് അവസാനമായി സിദ്ദ്ഖ് അഭിനയിച്ച ചിത്രങ്ങള്‍.
CONTENT HIGHLIGHT: ACTOR SIDDHIQUE SHARES MEMORIES WITH MAMMOTTY AND MOHANLAL