| Monday, 27th May 2024, 12:00 pm

ഇപ്പോഴത്തെ കഥാനായകന്മാര്‍ക്കൊന്നും തന്തയും തള്ളയുമില്ലെന്ന് ചിലര്‍ പറയും, അത് അവരുടെ എസ്‌കേപ്പിസമാണ്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാറുന്ന മലയാള സിനിമയെ കുറിച്ചും ഇന്നത്തെ സിനിമകളില്‍ പഴയ താരങ്ങള്‍ക്ക് ലഭിക്കുന്ന റോളുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സിദ്ദിഖ്. ഇന്ന് മലയാളത്തില്‍ ഇറങ്ങുന്ന പല സിനിമകളിലും നായകനും നായികയ്ക്കും അച്ഛനമ്മമാര്‍ ഉണ്ടാവില്ലെന്നും അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ മാറ്റിനിര്‍ത്തിപ്പെടുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കാണ് സിദ്ദിഖ് മറുപടി നല്‍കുന്നത്.

പുതിയ കാലത്തെ സിനിമയില്‍ മാതാപിതാക്കള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന വര്‍ഗമായി മാറുകയാണോ എന്ന ചോദ്യത്തിനായിരുന്നു സിദ്ദിഖിന്റെ മറുപടി. ‘ഇന്നത്തെ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാവില്ല. കുറച്ച് ചെറുപ്പക്കാര്‍ മാത്രം മതി സിനിമ വിജയിക്കാന്‍ എന്ന നിലയിലേക്ക് മാറുമ്പോള്‍ അത് എങ്ങനെയാണ് നിങ്ങളെ പോലുള്ളവര്‍ അഡ്ജസ്റ്റ് ചെയ്യുക’ എന്നായിരുന്നു സിദ്ദിഖിനോടുള്ള ചോദ്യം.

അങ്ങനെ ഒരു കാര്യം തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും അതൊക്കെ വെറുതെ പറയുന്ന കാര്യം മാത്രമാണെന്നുമാണ് സിദ്ദിഖ് മറുപടി നല്‍കിയത്. മനോരമ ന്യൂസ് നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതൊക്കെ ചുമ്മാ പറുന്നതാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഞാന്‍ എത്രയോ സിനിമകളില്‍ അച്ഛന്റെ റോള്‍ ചെയ്യുന്നുണ്ട്. ഞാന്‍ പല ന്യൂ ജനറേഷന്‍ സിനിമകളിലും അച്ഛന്റെ റോള്‍ ചെയ്യുന്നില്ലേ. അല്ലെങ്കില്‍ പ്രധാന കഥാപാത്രം ചെയ്യുന്നവരുമായി ബന്ധപ്പെട്ട റോള്‍ ചെയ്യുന്നില്ലേ.

എല്ലാ സിനിമയിലും അച്ഛന്റെ റോള്‍ ചെയ്യണമെന്നില്ലല്ലോ. ഒന്നുകില്‍ വില്ലനായിരിക്കും. അല്ലെങ്കില്‍ മറ്റേതെങ്കിലും കഥാപാത്രമായിരിക്കും.
മാറ്റിനിര്‍ത്തപ്പെടുന്നു എന്നൊന്നും തോന്നിയിട്ടില്ല.

ഇപ്പോഴത്തെ കഥാനായകന്മാര്‍ക്കൊന്നും തന്തയും തള്ളയുമില്ല എന്നൊക്കെ ചിലര്‍ പറയും. അതൊക്കെ അവരുടെ ഒരു എസ്‌ക്കേപ്പിസമായിട്ടാണ് തോന്നുന്നത്. നമ്മള്‍ ആപ്ക്ട് ആണെങ്കില്‍ തീര്‍ച്ചയായും അവര്‍ നമ്മളെ കാസ്റ്റ് ചെയ്യും. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ല.

പുതിയ തലമുറയില്‍പ്പെട്ട സംവിധായകരുമായി സംസാരിക്കുമ്പോള്‍ ഇക്കയൊക്കെ ഞങ്ങളുടെ പടത്തില്‍ അഭിനയിക്കുന്നതാണ് സ്വപ്‌നം എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞങ്ങള്‍ ഇപ്പോള്‍ ചെറിയ തട്ടിക്കൂട്ടലുകളൊക്കെ ചെയ്ത് സിനിമയെടുക്കുകയാണെന്നും നിങ്ങളെയൊക്കെ അഭിനയിപ്പിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സന്തോഷം ഉണ്ടാവുക എന്നും പറഞ്ഞവരുണ്ട്.

അവര്‍ നമ്മളെ അങ്ങനെയെ കണ്ടിട്ടുള്ളൂ. നിങ്ങള്‍ ഔട്ട് ഡേറ്റഡാണ്, നിങ്ങള്‍ റിജക്ട് ആയി നിങ്ങള്‍ പ്രാപ്തരല്ല എന്നൊന്നും പറഞ്ഞ് മാറ്റിനിര്‍ത്തിയിട്ടില്ല.

പിന്നെ ചെറുപ്പക്കാര്‍ മാത്രമുള്ള സിനിമ എന്നൊന്നും പറയാന്‍ പറ്റില്ല. സിനിമയ്ക്ക് എപ്പോഴും പുതുമ ആവശ്യമാണ്. കണ്ട് മടുത്ത സബ്ജക്ടുകളോ കണ്ട് മടുത്ത ആളുകളെയോ പറ്റില്ല. കണ്ട് മടുക്കാത്ത ആളുകളെ വേണം. അത്തരത്തില്‍ മടുപ്പിക്കാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയാണ്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddhique about new malayalam movies and father characters

We use cookies to give you the best possible experience. Learn more