|

ജയറാം വലിയ ഹോട്ടലിലും ഞാന്‍ ചെറിയ ഹോട്ടലിലുമാണ് അന്ന് താമസിച്ചത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി സൗഹൃദം നിലനിര്‍ത്തുന്ന താരങ്ങളാണ് ജയറാമും സിദ്ദിഖും. ജയറാമുമായി വര്‍ഷങ്ങളായുള്ള സൗഹൃദമാണെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്. താന്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന കാലത്ത് ജയറാം സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നുവെന്നും, എന്നാലും തന്നോട് നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു എന്നും സിദ്ദിഖ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ജയറാം ഹീറോയായിട്ടാണ് സിനിമയിലേക്ക് വരുന്നത് തന്നെ. ഞാന്‍ ആ സമയത്ത് ചെറിയ വേഷങ്ങളൊക്കെയാണ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരു ഹീറോയോട് പെരുമാറുന്നത് പോലെയാണ് എന്നോട് ഇടപഴകിയിരുന്നത്. അങ്ങനെ മാത്രമാണ് എന്നെ കണക്കാക്കിയിട്ടുള്ളത്. ജയറാം വലിയ ഹോട്ടലിലും ഞാന്‍ ചെറിയ ഹോട്ടലിലും താമസിക്കുന്ന കാലമാണത്.

രാത്രിയില്‍ തന്റെ വലിയ ഹോട്ടലില്‍ നിന്ന് ഒരു കാറുമായി ഞാന്‍ താമസിക്കുന്നിടത്ത് വരും. എന്നിട്ട് എന്നെയും വിളിച്ച് ജയറാമിന്റെ റൂമിലേക്ക് കൊണ്ടുപോകും. വേറെ ഒന്നിനുമല്ല, വെറുതെ സംസാരിച്ചിരിക്കാനാണ്. അല്ലെങ്കില്‍ ഞാന്‍ പാട്ടു പാടുന്നത് കേള്‍ക്കാനായിരിക്കും. അതുമല്ലെങ്കില്‍ പാട്ടിനെക്കുറിച്ച് സംസാരിക്കാനായിരിക്കും.

അങ്ങനെ ഞങ്ങള്‍ വര്‍ത്താനം പറഞ്ഞിരിക്കുമ്പോള്‍ ജയറാം ഉറങ്ങി പോകും. തിരുവനന്തപുരത്ത് നിന്നും ഷൂട്ട് കഴിഞ്ഞ് തിരിച്ച് എറണാകുളത്തേക്ക് വരികയാണ്. അന്ന് തോപ്പുംപടി വഴിവേണം പോകാന്‍ , അവിടെ എത്തിയാലും ജയറാം കാര്‍ നിര്‍ത്തില്ല. എടാ നമുക്ക് നാളെ പോകാം, ഇന്ന് നമുക്ക് എന്റെ വീട്ടില്‍ നില്‍ക്കാമെന്നും പറയും.

അങ്ങനെ ഞാന്‍ അന്ന് ജയറാമിന്റെ വീട്ടില്‍ നില്‍ക്കും. അവിടെ ചെന്നിട്ട് പിന്നെ എന്റെ വീട്ടില്‍ വിളിച്ച് പറയും, ഇന്ന് വരില്ല ഞാന്‍ ജയറാമിന്റെ വീട്ടിലാണെന്ന്. ചിലപ്പോള്‍ ഞാന്‍ കൂടുതല്‍ ദിവസം അവിടെ നില്‍ക്കും. നാളെ പോകാമെടാ എന്ന് ജയറാം പറയും. ജയറാമിന്റെ അമ്മ ഉണ്ടാക്കി തരുന്ന ആഹാരമൊക്കെ കഴിച്ച് ഞാനവിടെ നില്‍ക്കും,’ സിദ്ദിഖ് പറഞ്ഞു.

ഇരുവരും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിദ്ദിക്-ജയറാം കോമ്പോയില്‍ പിറന്ന ചിത്രങ്ങള്‍ മിക്കവയും പ്രേക്ഷക പ്രിയമാണ്. ഏതാണ്ട് എണ്‍പതുകള്‍ മുതല്‍ ഇരുവരും സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയതാണ്. 2022ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മകള്‍’ ആണ് ഈ കോമ്പോയുടെ അവസാന ചിത്രം.

content highlight: actor siddhiq shares memories with jayaram