| Tuesday, 17th October 2023, 1:11 pm

ഈ ആവേശം അവരോട് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ; ലാലിനൊപ്പം കിടന്നുറങ്ങാന്‍ വരെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് പോകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അവരോട് ഇന്നും പുലര്‍ത്തുന്ന ബഹുമാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും തോളില്‍ കയ്യിട്ട് നടക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെങ്കിലും അവരോടുള്ള ബഹുമാനം ഒരിക്കലും ഇല്ലാതാവില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ എനിക്കു കിട്ടുന്ന അടുപ്പമുണ്ട്. ലാലും അതു തന്നെയാണ് തരുന്നത്. അതേ കരുതല്‍ പുതിയ തലമുറയിലുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ ഞാനും ശ്രമിക്കാറുണ്ട്.

മമ്മൂക്കയുടെ അതിരാത്രമൊക്കെ ഞാന്‍ തിയേറ്ററില്‍ ഇടിച്ചു കുത്തി കയറി കണ്ട പടമാണ്. അന്ന് മമ്മൂക്കയെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ആ മമ്മൂക്ക എന്റെ തോളത്തു കൈയിട്ട് ഇപ്പോള്‍ നടക്കുന്നു. അദ്ദേഹത്തിന്റെ കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നു. എന്നിട്ടും ഞാന്‍ ആ സ്വപ്നലോകത്തു നിന്ന് താഴേക്കിറങ്ങിയിട്ടില്ല.

നരന്‍ എന്ന സിനിമ ഹൊഗനക്കലില്‍ ഷൂട്ട് ചെയ്യുമ്പോള്‍ താമസ സൗകര്യം കുറവാണ്. ആകെ ഒന്നോ രണ്ടോ എ.സി മുറിയേയുള്ളൂ. ഒന്നില്‍ മോഹന്‍ലാലാണ്. രാത്രി ലാല്‍ മുറിയിലേക്കു വിളിക്കും. കുറേ സംസാരിക്കും. തിരികെ പോകാന്‍ നേരം ലാല്‍ പറയും, ഇന്നിവിടെ കിടക്കാം. ഞങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. അത്രയും അടുപ്പമുണ്ടെങ്കില്‍ പോലും ലാല്‍ വരുന്നതു കണ്ടാല്‍ ഞാന്‍ എഴുന്നേറ്റു നിന്നു പോകും. അപ്പോള്‍ ഞാന്‍ ലാലിനെ അല്ല സൂപ്പര്‍ സ്റ്റാറിനെ ആണു കാണുന്നത്. ഈയൊരു ആവേശം മമ്മൂക്കയോടും ലാലിനോടുമേ തോന്നിയിട്ടുള്ളൂ.

പലപ്പോഴും പുതു തലമുറയില്‍പ്പെട്ടവര്‍ക്കു സീനിയര്‍ താരങ്ങളോട് സംസാരിക്കാന്‍ ഒരു മടിയുണ്ടാകും. ഞങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെയല്ലേ അവരാദ്യം കണ്ടത്.ആ ഒരു മതില്‍ മായ്ച്ചു കളഞ്ഞാല്‍ എല്ലാം ശരിയാവും, സിദ്ദിഖ് പറഞ്ഞു.

സിനിമയില്‍ താന്‍ സെലക്ടീവ് ആണോ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും സംവിധായകരാണ് തന്നെ തിരഞ്ഞെടുക്കേണ്ടത് എന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

ഞാനല്ല, എന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. ആരുടെയൊക്കെയോ മനസ്സില്‍ വരുന്ന സ്പാര്‍ക്കിലാണ് എന്നിലേക്ക് എത്തുന്നത്. അങ്ങനെ എന്നെ തേടി വരുന്ന കഥാപാത്രങ്ങളെ വ്യത്യസ്തമാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ഒരുപാടു സിനിമകളില്‍ ഞാന്‍ വില്ലനായി അഭിനയിച്ചു കഴിഞ്ഞു. മടുക്കാറില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. കൂടുതലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വില്ലന്‍ വേഷങ്ങള്‍ ചെയ്തതു കൊണ്ടാകാം അങ്ങനെ തോന്നുന്നത്. ഒരിക്കല്‍ മമ്മൂക്കയുടെ വില്ലന്‍ ആയപ്പോള്‍ അദ്ദേഹം തന്നെ എന്നോട് ചോദിച്ചിരുന്നു ”എടാ നമ്മള്‍ നസീറും കെപി ഉമ്മറും ആകുമോ എന്ന്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddhiq about his relation with Mohanlal and Mammootty

We use cookies to give you the best possible experience. Learn more