'നിങ്ങളുടെ മതമാണ് നിങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെങ്കില്‍, അന്തിമമായി നിങ്ങള്‍ ഇവിടേക്കു ചേര്‍ന്നയാളല്ല'; സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് സിദ്ധാര്‍ഥ്
Bollywood
'നിങ്ങളുടെ മതമാണ് നിങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെങ്കില്‍, അന്തിമമായി നിങ്ങള്‍ ഇവിടേക്കു ചേര്‍ന്നയാളല്ല'; സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് സിദ്ധാര്‍ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2019, 7:51 pm

അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് നടന്‍ സിദ്ധാര്‍ഥ്.

മതമാണ് കലയില്‍ നിന്നും സൈറ വസീമിനെ പിന്തിരിപ്പിച്ചെങ്കില്‍ സൈറ കലയ്ക്ക് ചേര്‍ന്ന ആളല്ലെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്‌തോളൂ. ഭാവിജീവിതത്തിന് ആശംസകള്‍. നമ്മുടെ കലയും നമ്മുടെ പ്രൊഫഷനുമാണ് നമ്മുടെ ജീവിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്ന് മതത്തെ ഒഴിവാക്കാന്‍ നാം പോരാടേണ്ടതുണ്ട്. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെങ്കില്‍, അന്തിമമായി നിങ്ങള്‍ ഇവിടേക്കു ചേര്‍ന്നയാളല്ല. യാത്രാശംസകള്‍’ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

സിനിമാഭിനയം നിര്‍ത്തുകയാണെന്ന് നടി സൈറ വസീം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സൈറയുടേത് ബാലിശമായ തീരുമാനമായിപ്പോയെന്ന് എഴുത്തുകാരി തസ്‌ലീമാ നസ്‌റിന്‍ അഭിപ്രായപ്പെട്ടിരുന്നു. നടിയും നിര്‍മ്മാതാവുമായ രവീണ ടണ്ടനും നടന്‍ അനുപം ഖേറും സൈറയുടെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

സിനിമാ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് സൈറ പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈറ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.

‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ പറഞ്ഞിരുന്നു. വിജയങ്ങളോ, പ്രശസ്തിയോ, അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും സൈറ പറഞ്ഞിരുന്നു.

ദംഗലിലെ അഭിനയത്തിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം സൈറ കരസ്ഥമാക്കിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന സ്‌കൈ ഈസ് പിങ്കിലാണ് സൈറ ഒടുവില്‍ വേഷമിട്ടത്.