| Thursday, 28th November 2024, 8:23 am

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴില്‍ നിന്ന് വന്ന ഒരേയൊരു ഫീല്‍ ഗുഡ് സിനിമ അതാണ്: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് സിദ്ധാര്‍ത്ഥ്. 2003 ല്‍ ബോയ്‌സ് എന്ന ശങ്കര്‍ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിരക്കുള്ള താരമായി മാറാന്‍ സിദ്ധാര്‍ത്ഥിന് കഴിഞ്ഞു. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്. മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ് എന്നിവ സിദ്ധാര്‍ത്ഥ് നേടിയിട്ടുണ്ട് .

താന്‍ ആസ്വദിച്ച് കണ്ട സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്. തിരുച്ചിദ്രമ്പലം എന്ന ചിത്രം ഏറെ നാളുകള്‍ക്ക് ശേഷം താന്‍ കണ്ട ഫീല്‍ ഗുഡ് റൊമാന്റിക് ചിത്രമാണെന്നും ആ സിനിമ പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴില്‍ നിന്ന് കളര്‍ഫുള്‍ ഫീല്‍ ഗുഡ് സിനിമകള്‍ വരുന്നത് കുറവാണെന്നും റിയാലിറ്റി സിനിമകള്‍ എന്ന പേരില്‍ ഡാര്‍ക്കായിട്ടുള്ള സിനിമകളാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരം ചിത്രങ്ങളില്‍ മനുഷ്യരുടെ സന്തോഷങ്ങള്‍ കാണിക്കുന്നത് വളരെ കുറവാണെന്നും സന്തോഷത്തിന് ഒരു ഭംഗിയുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരുച്ചിദ്രമ്പലം എന്ന സിനിമ വളരെ നല്ലൊരു ചിത്രമാണ്. നന്നായി ആസ്വദിച്ച് ഞാന്‍ കണ്ട ചിത്രമാണത്. നമുക്ക് ആ സിനിമയെ നല്ലൊരു റൊമാന്റിക്ക് ഫീല്‍ ഗുഡ് ഫാമിലി ചിത്രമെന്നെല്ലാം വിളിക്കാം. നന്നായി പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്ത സിനിമയാണത്.

ആ സിനിമയല്ലാതെ തമിഴില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അങ്ങനെയുള്ളൊരു നല്ല ഫീല്‍ ഗുഡ് സിനിമ വന്നിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. നല്ല കളര്‍ഫുള്ളായിട്ടുള്ള സിനിമകള്‍ ഇപ്പോള്‍ തമിഴില്‍ നിന്ന് വരുന്നത് വളരെ കുറവാണ്. റിയാലിറ്റി എന്ന പേരില്‍ വളരെ ഡാര്‍ക്കായിട്ടുള്ള സിനിമകളാണ് ഇപ്പോള്‍ കൂടുതലും തമിഴില്‍ നിന്ന് വരുന്നത്.

ആ ചിത്രങ്ങളിലെല്ലാം സന്തോഷങ്ങള്‍ കാണിക്കുന്നതും ഹാപ്പി ആയിട്ടുള്ള മനുഷ്യരെ കാണിക്കുന്നതും വളരെ കുറവാണ്. സന്തോഷത്തിന് ഒരു ഭംഗിയുണ്ട്. അതൊക്കെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്,’ സിദ്ധാര്‍ത്ഥ് പറയുന്നു.

മിത്രന്‍ ആര്‍. ജവഹര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തിരുച്ചിദ്രമ്പലം. ധനുഷ് നായകനായ ചിത്രത്തില്‍ നിത്യ മേനോന്‍, ഭാരതിരാജ, പ്രകാശ് രാജ്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Actor Siddharth Talks About Thiruchitrambalam Movie

We use cookies to give you the best possible experience. Learn more