ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ അറസ്റ്റിലായ ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
‘ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ നിങ്ങള്‍ക്കിത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് കടന്ന് പോകും,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ഷെയിം ഓണ്‍ ദല്‍ഹി പൊലീസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇതിനൊപ്പം കേന്ദ്ര സര്‍ക്കാരിനെയും ദല്‍ഹി പൊലീസിനെയും സിദ്ധാര്‍ത്ഥ് മറ്റു ട്വീറ്റുകളിലൂടെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു.
ഗോഡി മീഡിയകളൊന്നും യഥാര്‍ത്ഥത്തില്‍ എന്താണ് ഒരു ടൂള്‍ക്കിറ്റ് എന്നത് അന്വേഷിച്ചില്ലെന്നും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
‘നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ കൂടെ ഒരു സിനിമ കാണാന്‍ പോകണം. നിങ്ങള്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഒരു സന്ദേശമയക്കുന്നു. ഏതാണ് സിനിമ, എവിടെ ചേരണം, എപ്പോഴാണ് സമയം, എന്നിങ്ങനെ… ഇതാകാം ഒരു ടൂള്‍ക്കിറ്റ്. ഇതിന്റെ ഏറ്റവും വൃത്തികെട്ട വശമാണ് ഐടി സെല്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ വൃത്തികേട് അവസാനിപ്പിക്കണം,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
എത്ര ക്രൂരവും അന്യായവുമായ കാര്യമാണ് ദല്‍ഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സിദ്ധാര്‍ത്ഥ് ചോദിക്കുന്നു. തനിക്ക് ഇതെല്ലാം കണ്ടിട്ട് അത്ഭുതം തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് യുവ പരിസ്ഥിതിപ്രവര്‍ത്തകയാണ് ദിഷ രവിയെ
ബെംഗളുരുവില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രേറ്റ തന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.
അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ദല്‍ഹി പൊലീസിന്റെ വാദം.
ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.
ദില്ലി സൈബര്‍ സെല്ലായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാണ് കേസെടുത്തത് എന്ന വിവരം പൊലീസ് പുറത്തുവിട്ടിരുന്നില്ല.
കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധത്തില്‍ എങ്ങനെ അണിചേരാം എന്നും ഗ്രേറ്റ എഴുതിയിരുന്നു.
എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് വിശദമാക്കിയ ഗ്രേറ്റയുടെ ട്വീറ്റിലായിരുന്നു ലഘുലേഖയും ഉള്‍പ്പെടുത്തിയിരുന്നത്.
ഇത് ഇന്ത്യയ്ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം. ടൂള്‍കിറ്റ് വിവാദത്തില്‍ ഗ്രേറ്റ തന്‍ബര്‍ഗിനെതിരെയും ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Siddharth supports Disha Ravi arrested in Toolkit case by Delhi police