ചെന്നൈ: ജയ് ഭീമിനും നടന്‍ സൂര്യയ്ക്കുമെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
‘ഞങ്ങള്‍ കമല്‍ഹാസനൊപ്പം നിന്നു, ഞങ്ങള്‍ വിജയ്‌ക്കൊപ്പം നിന്നു, ഞങ്ങള്‍ സൂര്യയ്ക്കൊപ്പം നിന്നു. അഭിപ്രായവ്യത്യാസങ്ങളുടെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതും ഒരു കലാസൃഷ്ടിയുടെ പ്രദര്‍ശനത്തെ തടസപ്പെടുത്തുന്നതും ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന ആരെയും ഞങ്ങള്‍ പ്രതിനിധീകരിക്കുന്നു,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
സൂര്യയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയിനുകളും നടന്നിരുന്നു.
സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
“We stood with Kamal Haasan. We stood with Vijay. We stand with Suriya.
“We” represents anyone who believes it is cowardice to threaten an artist or the exhibition of an artistic creation over differences of opinion or personal animosity.”
‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് എം.പിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിനിമക്കെതിരേ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.
സമുദായംഗങ്ങള്‍ക്ക് ഇതില്‍ വേദനയും അമര്‍ഷവുമുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഇങ്ങനെയാണെങ്കില്‍ അടുത്ത സിനിമകള്‍ റിലീസാകുമ്പോള്‍ പ്രേക്ഷകരും ദേഷ്യം കാണിക്കും. അത് ഒഴിവാക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.